ദില്ലി: ആമയൂർ കൂട്ടക്കൊലപാതക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി റെജികുമാർ സുപ്രീം കോടതിയിൽ. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് റെജികുമാർ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സാഹചര്യതെളിവുകൾ ചൂണ്ടിക്കാട്ടിയാണ് വിധിയെന്നും റെജികുമാർ ഹർജിയിൽ പറയുന്നു. കേസിൽ പറയുന്ന കൊലപാതകങ്ങൾക്ക് ഒരു ദൃക്ഷസാക്ഷി പോലും ഇല്ല. കേസിൽ പൊലീസിന്റെ കണ്ടെത്തലുകൾ പലതും തെറ്റാണ്. തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചതെന്നും അതിനാൽ ശിക്ഷാവിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
വധശിക്ഷ നൽകുന്നത് അപൂർവമായ കേസുകളിൽ മാത്രമാണെന്ന് മുൻക്കാല സുപ്രീം കോടതി വിധികളിൽ പറയുന്നുണ്ട്. പ്രതിക്ക് മാനസാന്തരത്തിനുള്ള സാധ്യത പോലും കണക്കിൽ എടുക്കാതെയാണ് ഹൈക്കോടതിയും വിചാരണക്കോടതിയും ശിക്ഷവിധിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു. അഭിഭാഷകൻ മുകുന്ദ് പി ഉണ്ണിയാണ് റെജികുമാറിനായി ഹർജി സമർപ്പിച്ചത്.
2008ൽ ആണ് കേരളത്തെ ഞെട്ടിച്ച ആമയൂർ കൂട്ടക്കൊലപാതകം നടന്നത്. കാമുകിയോടൊപ്പം ജീവിക്കാനായി റെജികുമാർ ഭാര്യയേയും നാലു മക്കളേയും കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യ ലിസി (38), മക്കളായ അമലു (12), അമൽ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി കഴുത്തിൽമുറുക്കി ശ്വസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റപ്പത്രത്തിൽ പറയുന്നു. ലിസിയുടെ ജഡം സെപ്ടിക് ടാങ്കിലും അമലിന്റെയും അമന്യയുടെയും ജഡങ്ങൾ വീടിനടുത്തെ പൊന്തക്കാട്ടിലും അമലു, അമന്യ എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിനുള്ളിലുമാണ് കണ്ടെത്തിയത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടയത്തു നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിനു മുമ്പ് മൂത്തമകൾ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തായും പൊലീസ് കണ്ടെത്തി. പൈശാചികമായ കൊലപാതകങ്ങളാണ് നടത്തിയതെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്നും നീരീക്ഷിച്ചാണ് 2009ലാണ് റെജികുമാറിന് പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നടരാജൻ ശിക്ഷ വിധിച്ചത്. പിന്നീട് ഹൈക്കോടതി 2014ൽ കീഴ്ക്കോടതി വിധി ശരിവെച്ചു.