പൂനെ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാഗർ ബാർവെയാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശരദ് പവാറിന് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം ലഭിച്ചത്. കുറ്റാരോപിതനായ സാഗർ ബാർവെ പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഡാറ്റാ ഫീഡിംഗ് ആൻഡ് അനലിറ്റിക്‌സ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. പൂനെയിൽ നിന്ന് അറസ്റ്റിലായ ബാർവെയെ ക്രൈംബ്രാഞ്ച് മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നരേന്ദ്ര ദാഭോൽക്കറുടെ ഗതി ശരദ് പവാർ നേരിടുമെന്നായിരുന്നു സന്ദേശം.
നേരത്തെ പവാറിന്റെ മകളും ലോക്‌സഭാംഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തിൽ എൻസിപി പ്രവർത്തകർ മുംബൈ പൊലീസ് മേധാവിയെ കണ്ട് നടപടി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സുപ്രിയ സുലെ പൊലീസിന് കൈമാറുകയും ചെയ്തു. കേസിൽ മുംബൈ പൊലീസ് നടത്തുന്ന ആദ്യ അറസ്റ്റാണിത്.