കനത്തമഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് ഒമാനിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. ദോഫാറിലെ വാദിയിൽപ്പെട്ടും ഖുറിയാത്ത് വിലായത്തിലെ താഴ്‌വരയിലുംപെട്ട് നാലുപേർകൂടി കഴിഞ്ഞദിവസം മരിച്ചതോടെയാണ് സംഖ്യ ഉയർന്നത്. സൊഹാറിൽ വാഹനം ഒഴുക്കിൽപ്പെട്ടും രണ്ടുപേർ മരിച്ചിരുന്നു. റുസ്താഖിലെ വാദി അൽ ഹൊഖൈനിൽപ്പെട്ട് ഒരാൾ മരിച്ചു. അൽ മുദൈബിയിലെ വാദിയിൽ അകപ്പെട്ട ഏഴുപേരെ രക്ഷപ്പെടുത്തി. വാദി ഇബ്രിയിൽ മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഇതിൽ രണ്ടുപേർ രക്ഷപ്പെട്ടു. ഒരാൾ മരിച്ചു. വെള്ളപ്പൊക്കത്തിൽപ്പെട്ടാണ് ബാക്കിയുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. വാദികളിൽ വെള്ളമുയർന്നതോടെ തീരപ്രദേശങ്ങളിൽനിന്ന് ആളുകൾ അകന്നുനിൽക്കണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു.
മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകടങ്ങളുടെ വ്യാപ്തി കൂട്ടിയതെന്നാണ് റിപ്പോർട്ട്. അപകടസ്ഥലങ്ങളിൽ നീന്തലിൽ ഏർപ്പെടരുതെന്നും കുട്ടികളെ കർശനമായി നിരീക്ഷിക്കണമെന്നും കാലാവസ്ഥാകേന്ദ്രം നിർേദശിച്ചു. ഉൾപ്രദേശങ്ങളിലെ ഒട്ടുമിക്ക റോഡുകളും അടച്ചിട്ടിരിക്കുകയാണ്.