കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ സൗജന്യ ഭക്ഷണവിതരണ സ്ഥലത്തെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. നേരത്തെ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. മരിച്ചവരിൽ എട്ടു സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ട്. ഭക്ഷണവില കുതിച്ചതോടെ പാകിസ്ഥാനിൽ പട്ടിണി രൂക്ഷമായ അവസ്ഥയാണ്. പ്രിയപ്പെട്ടവരുടെ ചേതനയറ്റ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചു കരയുന്ന പാവപ്പെട്ട മനുഷ്യർ ലോകത്തിനാകെ നൊമ്പരമായി മാറുകയാണ്. ജീവിതത്തിൽ നിന്ന് അപ്രതീക്ഷിതമായി ഉറ്റവർ കടന്നു പോയപ്പോൾ കുട്ടികളെ അടക്കിപ്പിടിച്ച് മറ്റു ചിലർ കരച്ചിലടക്കാൻ പാടുപെടുകയാണ്.
ഇന്നലെ കറാച്ചിയിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങൾ ആരെയും പിടിച്ചുലയ്ക്കുന്നതാണ്. കറാച്ചിയിലെ സൈറ്റ് ഏരിയയിലുള്ള എഫ്കെ ഡൈയിങ് കമ്പനി പാവപ്പെട്ടവർക്കായി ഭക്ഷണ വിതരണം നടത്തിയപ്പോൾ തടിച്ചുകൂടിയത് നാനൂറിൽ അധികം സ്ത്രീകളാണ്. ആൾത്തിരക്ക് നിയന്ത്രണാതീതമായത്തോടെ കമ്പനി അധികൃതർ വാതിലടച്ചു. ഇതോടെ അകത്ത് തിക്കും തിരക്കും തുടങ്ങുകയായിരുന്നു. ബഹളത്തിനിടെ, അസഹ്യമായ ചൂട് താങ്ങാനാവാതെ കുഴഞ്ഞു വീണവരാണ് മരണത്തിനു കീഴടങ്ങിയത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ, കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ഭക്ഷ്യ ക്ഷാമമാണ്. ഭക്ഷ്യധാന്യ വിലകളിൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ 45 ശതമാനത്തിന്റെ വർധനവുണ്ടായതോടെ, ഒരു നേരത്തെ ഭക്ഷണം പണം കൊടുത്തു വാങ്ങാൻ പോലും ആവാത്തത്ര കൊടിയ ദാരിദ്ര്യത്തിലേക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ള ജനങ്ങൾ വഴുതി വീണുകഴിഞ്ഞു.
രണ്ടു ദിവസം മുമ്പ് പഞ്ചാബിൽ സർക്കാർ നടത്തിയ സൗജന്യ റേഷൻ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പാണ് കറാച്ചിയിൽ പുതിയ അപകടം ഉണ്ടായിരിക്കുന്നത്. അതേസമയം, പെഷാവറില്‍ സൗജന്യ ധാന്യവിതരണത്തിനായി എത്തിയ ട്രക്കുകള്‍ ജനങ്ങള്‍ തടഞ്ഞുനിര്‍ത്തി ചാക്കുകള്‍ അടക്കമുള്ളവ സ്വന്തമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും റേഷന്‍ ലഭിക്കാത്തവര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു.