ന്യൂഡൽഹി> മണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേൽ ലോക്‌സഭയിൽ ചർച്ച പുരോഗമിക്കുന്നു. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇന്നുവരെ മണിപ്പൂർ സന്ദർശിക്കാത്തത്?, മണിപ്പൂരിലെ കുറിച്ച് സംസാരിക്കാൻ മോദിക്ക് 80 ദിവസം വേണ്ടിവന്നു. അതും മുപ്പത് സെക്കന്റാണ് സംസാരിച്ചത്. എന്തുകൊണ്ട് സംസാരിക്കുന്നില്ല?, മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല? തുടങ്ങിയ മൂന്ന് ചോദ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചു.
മണിപ്പൂർ കത്തുന്നു എന്നതിനർത്ഥം ഇന്ത്യ കത്തുന്നു എന്നതാണ്. മണിപ്പൂരിൽ വിഭാഗീയതയുണ്ട് എന്നതിനർത്ഥം ഇന്ത്യയില് അതുണ്ടെന്നാണ് . അതുകൊണ്ടുതന്നെ മണിപ്പുരിനെക്കുറിച്ച് മാത്രമല്ല, മുഴുവൻ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.