കാലിഫോർണിയ: സാമ്പത്തിക പരാധീനത അനുഭവപ്പെട്ട കാലത്ത് സഹോദരന്മാരെ പങ്കാളികളാക്കി വ്യാപാരം മെച്ചപ്പെടുത്തുകയും പിന്നീട് വാക്ക് തെറ്റിക്കുകയും ചെയ്ത വജ്ര വ്യാപാര പ്രമുഖന് വൻ തിരിച്ചടി. 21 വർഷമായി നടക്കുന്ന വസ്തു തർക്കത്തിനാണ് നിയമപോരാട്ടത്തിലൂടെ അന്ത്യമായത്. ഇന്ത്യൻ വംശജരായ ജൊഗാനി സഹോദരങ്ങളുടെ വസ്തു തർക്കം അഞ്ച് മാസം നീണ്ട വിചാരണയിലൂടെയാണ് പൂർത്തിയായത്. ലോസാഞ്ചലസിലെ റിയൽ എസ്റ്റേറ്റ് വ്യാപാരമേഖലയിലും വജ്രവ്യാപാര രംഗത്തുമായി വൻ നേട്ടമുണ്ടാക്കിയ ഹരേജ് ജോഗാനിയോട് നാല് സഹോദരന്മാർക്കായി 20000 കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകാൻ യുഎസ് കോടതി ഉത്തരവിട്ടത്.
ശശികാന്ത്, രാജേഷ്, ചേതൻ, ശൈലേഷ് എന്നീ സഹോദരന്മാരാണ് ഹരേഷ് ജൊഗാനിക്കെതിരെ നിയമ സഹായം തേടിയത്. തെക്കൻ കാലിഫോർണിയയിലെ വൻ കെട്ടിട സമുച്ചയത്തിന്റെ ഓഹരിയും സഹോദരന്മാർക്ക് വിഭജിച്ച് നൽകണമെന്നും കോടതി വ്യക്തമാക്കി. 17000 അപ്പാർട്ട്മെന്റുകളാണ് ഈ കെട്ടിട സമുച്ചയത്തിലുള്ളതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2003ലാണ് ജൊഗാനി സഹോദരന്മാർക്ക് ഇടയിൽ വസ്തു തർക്കം ആരംഭിച്ചത്. വിവിധ ജഡ്ജിമാരുടെ കോടതികളിലൂടെയായി 18 അപ്പീലുകളാണ് കേസിലുണ്ടായത്. ഗുജറാത്ത് സ്വദേശികളായ ഇവർ യൂറോപ്പ്, ആഫ്രിക്ക, മധ്യേഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലായി രത്ന വ്യാപരത്തിലായി ഏർപ്പെട്ടിരുന്നത്. 1969ലാണ് ശശികാന്ത് കാലിഫോർണിയയിലെത്തിയത്. രത്ന വ്യാപാരത്തിലൂടെ വൻ സമ്പാദ്യം നേടിയ കുടുംബം 1994ലെ ഭൂമി കുലുക്കത്തിലും 1990 കാലത്തെ മാന്ദ്യസമയത്തും സാമ്പത്തികമായി ഞെരുക്കത്തിലായി.
ഇതോടെയാണ് ശശികാന്ത് ജൊഗാനി സഹോദരന്മാരെ സ്ഥാപനത്തിലെ പങ്കാളികളാക്കി. റിയൽ എസ്റ്റേറ്റ് രീതിയിൽ വലിയ രീതീയിലുള്ള ഏറ്റെടുക്കലുകൾ നടത്തിയ ജൊഗാനി സഹോദരന്മാർ 17000 അപാർട്ട്മെന്റുകളാണ് ഏറ്റെടുത്തത്. മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിനിടെയാണ് സഹോദരന്മാരിലെ ഹരേഷ് ജൊഗാനി സഹോദരന്മാരെ പങ്കാളി പദവിയിൽ നിന്ന് നീക്കിയതും സഹോദരന്മാർക്ക് നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചതും.
ഇതോടെയാണ് ശശികാന്ത് ജൊഗാനിയും മറ്റ് സഹോദരന്മാരും കോടതിയെ സമീപിക്കുന്നത്. എന്നാൽ പങ്കാളികളാക്കുന്നത് സംബന്ധിച്ച എഴുതി തയ്യാറാക്കിയ കരാർ ഇല്ലാത്തതിനാൽ പണവും ഓഹരിയും നൽകാനാവില്ലെന്നാണ് ഹരേഷ് വാദിച്ചത്. എന്നാൽ വാക്കാലുള്ള ധാരണ ഹരേഷ് തെറ്റിച്ചുവെന്ന് വ്യക്തമാക്കിയാണ് കോടതി സഹോദരന്മാർക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ ഹരേഷ് ജൊഗാനി വംശീയത ആരോപിച്ചതും വലിയ വിവാദമായിരുന്നു.