ഉമ്മുല്‍ഖുവൈന്‍ : യുഎഇയില്‍ അബുദാബിക്ക് പിന്നാലെ ഉമ്മുല്‍ഖുവൈനിലും ഓണ്‍ലൈന്‍ പഠനം തുടരാന്‍ തീരുമാനം. ജനുവരി മൂന്നിന് അടുത്ത ടേം ക്ലാസുകള്‍ ആരംഭിക്കാനാരിക്കവെയാണ് ആദ്യ രണ്ടാഴ്ച ക്ലാസുകള്‍ ഓണ്‍ലൈന്‍ രീതിയെന്ന തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്. എമിറേറ്റിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് ഇത് ബാധകമാണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉമ്മുല്‍ഖുവൈന്‍ അധികൃതരും വെള്ളിയാഴ്ച പുതിയ പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ സ്‌കൂളുകളെല്ലാം രണ്ടാഴ്ച ഓണ്‍ലൈന്‍ രീതിയിലായിരിക്കും ക്ലാസുകള്‍ നടത്തുകയെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ അബുദാബിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ച ഓണ്‍ലൈന്‍ രീതിയിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് എമിറേറ്റിലെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. അതേസമയം ഷാര്‍ജയിലും ദുബൈയിലും റാസല്‍ഖൈമയിലും ജനുവരി മൂന്നിന് നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങും. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നേരിട്ടുള്ള ക്ലാസുകള്‍ നടത്താനാണ് ഇവിടങ്ങളിലെ അധികൃതരുടെ തീരുമാനം.