തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യ പരിശോധനാ ലാബുകൾ തുറക്കാൻ തീരുമാനം. കണ്ണൂരും പത്തനംതിട്ടയിലുമാണ് പുതിയ ലാബുകൾ തുറക്കുക. ഇപ്പോൾ നടക്കുന്ന ഭക്ഷ്യ സുരക്ഷ പരിശോധനകള്‍ തുടരുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുമ്പോഴും പര്യാപ്തമായ ലാബ് പരിശോധനാ സംവിധാനമില്ലാത്തത് സംസ്ഥാനത്തിന് തിരിച്ചടിയാണ്. നിലവിലുള്ള ലാബുകളില്‍ സാധാരണക്കാർ നൽകുന്ന സാംപിളുകളിൽ ഫലം കിട്ടാൻ എടുക്കുന്നത് ആഴ്ച്ചകളോ ഒരു മാസത്തിലധികമോ ആണ്. സങ്കീർണവും ചെലവേറിയതുമാണ് പരിശോധന എന്നിരിക്കെ 14 ജില്ലകൾക്കുമായി നിലവില്‍ ആകെ 3 മേഖലാ ലാബുകൾ മാത്രമാണുള്ളത്. ആവശ്യത്തിന് മൈക്രോ ബയോളജിസ്റ്റുകളുമില്ല, 3 ലാബുകൾക്കും മൈക്രോ ബയോളജി പരിശോധനയ്ക്ക് എന്‍എബിഎല്‍ അംഗീകാരം ലഭിച്ചിട്ടുമില്ല. സംസ്ഥാനത്ത് തുടങ്ങാൻ തീരുമാനിച്ച റിസർച്ച് ലാബും എങ്ങുമെത്തിയില്ല.
കോഴിക്കോട് മൂന്ന് മൈക്രോബയോളജിസ്റ്റ് വേണ്ടതിൽ സ്ഥിരമായി ഒരാളെ നിലവിലുള്ളൂ. എറണാകുളത്തും ഇതേ സ്ഥിതിയാണ്. സാങ്കേതിക വിഭാഗത്തിൽ നിന്ന് രണ്ട് പേരെയെടുത്താണ് അഡ്ജസ്റ്റുമെന്‍റ്. തിരുവനന്തപുരത്ത് നാസ് തസ്തികകളിൽ രണ്ടെണ്ണം ഒഴിഞ്ഞു കിടക്കുന്നു. ഇവിടെയും താൽക്കാലികക്കാരെ വെച്ചാണ് ഓടിക്കുന്നത്. സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന റിസർച്ച് ലാബിനായി ശ്രമം തുടങ്ങിയിരുന്നുവെങ്കിലും യാഥാർത്ഥ്യമാകാൻ ഇനിയും സമയമെടുക്കും.