ദില്ലി : രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് രാജ്യത്ത് എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കാൻ തീരുമാനം. ഇനി മുതൽ എല്ലാ രാജ്യാന്തര സർവീസുകളും പഴയതുപോലെ തുടരും. 40 രാജ്യങ്ങളുടെ 60 എയർലൈനുകൾക്ക് ഇന്ത്യയിലേക്ക് സർവീസ് നടത്താം. വിമാനങ്ങളിലെയും വിമാനത്താവളങ്ങളിലെയും കൊവിഡ് നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന നിബന്ധനകൾ പ്രകാരം ആഴ്ചയിൽ ആകെ 2000 സർവീസുകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ടിക്കറ്റ് നിരക്കുകൾ വളരെ കൂടുതലുമായിരുന്നു. പുതിയ നിബന്ധനകൾ പ്രകാരം ഇനി മുതൽ ആഴ്ചയിൽ 4700 സർവീസുകൾ നടത്താം. വിമാന സർവീസുകൾ പഴയതുപോലെ ആകുന്നതോടെ ടിക്കറ്റ് നിരക്കുകളിലും കുറവുണ്ടാവും.
കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് 2020 മാർച്ച് 23 ന് നിർത്തിവെച്ച് അന്താരാഷ്ട്ര വിമാന സർവീസുകളാണ് ഇന്ന് പുനരാരംഭിച്ചത്. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളോടെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിച്ചാണ് സർവീസുകൾ ആരംഭിച്ചത്. എയർ ഹോസ്റ്റസുമാർ പിപിഇ കിറ്റ് ധരിക്കേണ്ടതില്ല, വിമാത്താവളത്തിൽ നേരത്തെ തുടർന്ന് വന്നിരുന്ന രീതിയിൽ ദേഹപരിശോധന പുനരാരംഭിക്കാം തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും മാസ്ക്, സാനിറ്റസർ തുടങ്ങിയ പ്രതിരോധങ്ങൾ നിർബന്ധമാണ്. അടിയന്തിര ആരോഗ്യ ഘട്ടം കണക്കിലെടുത്ത് വിമാനങ്ങളിൽ മൂന്ന് സീറ്റുകൾ ഒഴിച്ചിടണമെന്നും നിർദേശമുണ്ട്.