വയനാട്: പാർട്ടി പുനഃസംഘടന വേഗത്തിലാക്കാൻ കോൺഗ്രസിന്‍റെ ലീഡേഴ്സ് മീറ്റിൽ തീരുമാനം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുൻകൈയെടുത്താണ് നേതാക്കൾക്കിടയിലെ എതിർപ്പുകൾ പരിഹരിക്കുന്നത്. ഇന്നലെ രാത്രി കേരളത്തിൽ നിന്നുള്ള എംപിമാരുമായി പ്രത്യേകം ചർച്ച നടത്തി. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും എംപിമാരും ചേർന്നുള്ള യോഗവും ഉണ്ടായി. ഇന്ന് നടക്കുന്ന ലീഡേഴ്സ് മീറ്റിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും.
കെപിസിസി പുനഃസംഘടന പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ പ്രസിഡന്‍റ് സ്ഥാനത്ത് തുടരില്ലെന്ന് കെ സുധാകരൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഭാരവാഹികളെ തീരുമാനിക്കാൻ കഴിയാത്തതിനാൽ പ്രതീക്ഷക്കൊത്ത് ഉയരാൻ തനിക്ക് കഴിയുന്നില്ലെന്നായിരുന്നു ലീഡേഴ്സ് മീറ്റിൽ കെ സുധാകരൻ പറഞ്ഞത്. ചില നേതാക്കളുടെ ഭാഗത്തുമുള്ള നിസ്സഹകരണം കാരണം പുനഃസംഘടന നീണ്ടു. പാർട്ടിക്കുണ്ടാകേണ്ട നല്ല മുഖം ഇല്ലാതാക്കി. പ്രസിഡന്‍റായി രണ്ട് വർഷം കഴിഞ്ഞിട്ടും പുനഃസംഘടന പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ നിലയിൽ തുടരാൻ ഇല്ലെന്നാണ് ദേശീയ നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ സുധാകരൻ തുറന്നടിച്ചത്.