മേട്ടുപ്പാളയം: ആടിന്റെ എണ്ണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ അയൽക്കാരന്റെ വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു. മേട്ടുപ്പാളയത്താണ് സംഭവം. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്. കാരമട കെമ്മരം പാളയം പഞ്ചായത്തിലെ രംഗരാജപുരത്തെ ചിന്ന സ്വാമി (58) ആണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ അയൽക്കാരനായ രഞ്ജിത്ത് കുമാറിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച തന്റെ ആടുകളെ മേയ്ക്കാൻ പോയ ചിന്ന സ്വാമി അവിടെയിരുന്ന് ഉറങ്ങിപ്പോയിരുന്നു. വൈകിട്ടോടെ എഴുപതോളം ആടുകൾ തനിയെ വീട്ടിൽ തിരിച്ചെത്തി. രാത്രിയോടെയാണ് ചിന്നസ്വാമി തിരിച്ചെത്തിയത്. ആടുകളെ എണ്ണിയപ്പോൾ രണ്ടെണ്ണം കുറവുള്ളതായി കണ്ടു. പിന്നീട് രാത്രിയിൽ അയൽക്കാരനായ അയ്യാസ്വാമിയുടെ വീട്ടിലിരുന്ന് ചിന്ന സ്വാമി രഞ്ജിത്തിനൊപ്പം മദ്യപിച്ചു. കാട്ടിൽ വേട്ടയ്ക്കും മറ്റും പോകുന്ന രഞ്ജിത്തിനോട് ആടുകളെപ്പറ്റി ചോദിച്ചു. ചോദ്യവും പറച്ചിലും തർക്കത്തിൽ കലാശിച്ചു.
ഇരുവരെയും സമാധാനിപ്പിച്ച് അയ്യാസ്വാമി പറഞ്ഞയച്ചെങ്കിലും രഞ്ജിത്ത് വീട്ടിൽ നിന്ന് നാടൻ തോക്കുമായി തിരിച്ചെത്തി. പിന്നാലെ ചിന്ന സ്വാമിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. 11 ചെറിയ വെടിയുണ്ടകളാണ് ഇയാളുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തത്. രഞ്ജിത്തിനെ ഞായറാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. കാട്ടിൽ സ്ഥിരമായി വേട്ടയ്ക്ക് പോകുന്നയാളാണ് രഞ്ജിത്ത്. ഇയാളുടെ പക്കൽ നിന്ന് ലൈസൻസ് ഇല്ലാത്ത തോക്കും പിടിച്ചെടുത്തിട്ടുണ്ട്.