ഖത്തർ ലോകകപ്പിന്റെ കലാശക്കളിയിൽ കപ്പ് അനാവരണം ചെയ്ത് താരമായി ബോളിവുഡ് നടി ദീപിക പദുക്കോൺ. അർജന്റീന-ഫ്രാൻസ് ഫൈനലിന് മുമ്പ് പ്രത്യേകം തയാറാക്കിയ ലൂയിസ് വ്യൂട്ടൺ ട്രങ്കിൽ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിച്ച കപ്പ് ദീപികയും സ്‍പെയിനിന്റെ മുൻ ക്യാപ്റ്റൻ ഇകർ കസീയസും ചേർന്നാണ് ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്. ലോകം ഉറ്റുനോക്കിയ വിശ്വപോരാട്ട വേദിയിൽ മുഴുവൻ ഇന്ത്യക്കാർക്കും ഇത് അഭിമാന നേട്ടമായി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ നടി ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്.
2018ലെ ലോകകപ്പിൽ മുൻ ജർമൻ ക്യാപ്റ്റൻ ഫിലിപ്പ് ലാമും റഷ്യൻ മോഡൽ നതാലിയ വാദിയനോവയും ചേർന്നാണ് കപ്പ് അനാവരണം ചെയ്തത്. 2014ൽ മുൻ സ്‍പെയിൻ താരം കാർലോസ് പുയോളിനും ബ്രസീലിയൻ മോഡൽ ഗിസെലെ ബുണ്ട്ചെനുമായിരുന്നു ഈ അവസരം.പത്താൻ സിനിമ വിവാദത്തിനിടെയാണ് ദീപിക പദുക്കോണിന് അപൂർവ സൗഭാഗ്യം ലഭിക്കുന്നത്. ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ശനിയാഴ്ച വൈകീട്ട് മുംബൈ വിമാനത്താവളത്തിലെത്തിയ നടിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.കഴിഞ്ഞയാഴ്ച ഖത്തറിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റ് പരിപാടിയിലെ നടി നോറ ഫത്തേഹിയുടെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ലൈറ്റ് ദി സ്കൈ’ എന്ന ലോകകപ്പ് ഗാനത്തിനാണ് നടി ചുവടുവെച്ചത്. നടിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തുവന്നിരുന്നു.