മലപ്പുറം: തെരുവുനായ ശല്യം സംസ്ഥാനത്ത് വലിയ ചർച്ചയായിരിക്കെ നിലമ്പൂരിൽ പുള്ളിമാൻ ആക്രമിക്കപ്പെട്ടു. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഏകദ്ദേശം മൂന്ന് വയസ് പ്രായമുള്ള പുള്ളിമാനെയാണ് റോഡിൽ ചത്ത നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൂച്ചക്കുത്ത് വനം ഔട്ട്‌പോസ്റ്റിലെ വനപാലകർ എത്തിയാണ് പുള്ളിമാന്റെ ജഡം എടുത്ത് മാറ്റിയത്.
അതിനിടെ തെരുവുനായയുടെ കടിയേറ്റ് തൃശ്ശൂരിൽ അമ്മക്കും മകൾക്കും പരിക്കേറ്റു. തൃശൂർ പുന്നയുർകുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് നായയുടെ ആക്രമണം നടന്നത്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് കടിയേറ്റത്. കടയിലേക്ക് നടന്നു പോകുന്നതിനിടെ റോഡിലുണ്ടായിരുന്ന നായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കനുള്ള ശ്രമത്തിനിടെയാണ് ശ്രീക്കുട്ടിക്ക് കടിയേറ്റത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
അതിനിടെ കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് നിഹാലിൻ്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. തെരുവ് നായയുടെ ആക്രമണത്തിലാണ് ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായത്. ഈ സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ഉത്തരവിട്ടു. ജൂലൈയിൽ കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.