പട്ന ∙ ‘മോദി’ എന്ന ജാതിപ്പേരുകാരെ അവഹേളിച്ചുവെന്ന കേസിൽ 25നു നേരിട്ടു ഹാജരാകാനുള്ള പട്ന പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കാൻ രാഹുൽ ഗാന്ധി പട്ന ഹൈക്കോടതിയെ സമീപിച്ചു. മുതിർന്ന ബിജെപി നേതാവ് സുശീൽ മോദിയുടെ പരാതിയിലാണ് പട്നയിലെ എംപി/എംഎൽഎ പ്രത്യേക കോടതി രാഹുലിനു സമൻസ് അയച്ചത്. കേസിൽ മൊഴി നൽകാനായി കഴിഞ്ഞ 12നു ഹാജരാകാൻ കോടതി രാഹുലിനു നിർദേശം നൽകിയിരുന്നു.
സൂറത്ത് കോടതി നടപടികളുടെ തിരക്കു കാരണം തീയതി നീട്ടി നൽകണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ അംഗീകരിച്ചാണ് 25നു ഹാജരാകാൻ നിർദേശിച്ചത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പു പ്രചരണ വേളയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ‘മോദി പേരുകാരെല്ലാം കള്ളന്മാരാണ്’ എന്ന പരാമർശമാണ് കേസിനാധാരം. സൂറത്ത് കോടതി ഇതേ മാനനഷ്ടകേസിലാണ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷത്തെ തടവു ശിക്ഷ വിധിച്ചത്.