കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ പ്രതികളുടെ ഫോണുകള്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കും. ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ കണ്ടെത്താനാണ് വീണ്ടും പരിശോധന നടത്തുന്നത്. ഫോണില്‍ നിന്ന് അതീവ പ്രാധാന്യമുള്ള വിവരങ്ങള്‍ ലഭിക്കാനുണ്ട്. ഫലം വേഗത്തില്‍ വേണമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടിക്രൈംബ്രാഞ്ച് സമയം തേടിയിട്ടുണ്ട്. പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കണമെന്ന് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. കൂടുതല്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്താന്‍ ഉണ്ടെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് ഒന്നു വരെയാണ് എറണാകുളം അഡി. സ്‌പെഷ്യല്‍ സെഷന്‍സ് കോടതി സമയം നല്‍കിയിരുന്നത്. കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നുമായിരുന്നു ഫെബ്രുവരി 24ന് ദിലീപ് കോടതിയില്‍ വാദിച്ചത്.