ന്യൂഡൽഹി : ഡൽഹി തിലക് നഗറിൽ കിടപ്പുരോഗിയായ 87 വയസ്സുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ഒരാൾ പിടിയിൽ. തൂപ്പുജോലി ചെയ്യുന്ന മുപ്പതുവയസ്സുകാരനാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് ബലാത്സംഗം റിപ്പോർട്ട് ചെയ്തത്. വീട്ടുകാർ പരാതി ഫയൽ ചെയ്തതിനെ തുടർന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 65 വയസ്സുള്ള മകളോടൊപ്പമായിരുന്നു കിടപ്പുരോഗിയായ സ്ത്രീ കഴിഞ്ഞിരുന്നത്. ഉച്ചയോടെ മകൾ പുറത്തേക്ക് പോയ സമയത്താണ് പ്രതി വീട്ടിലെത്തി വൃദ്ധയെ ബലാത്സംഗം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ചോരയിൽ കുളിച്ചുകിടക്കുന്ന അമ്മയെ ആണ് മകൾ തിരിച്ചുവന്നപ്പോൾ കണ്ടത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിൽ നിന്ന് പണവും മൊബൈൽ ഫോണുകളുമടക്കം മോഷണം പോയതായും കുടുംബം ആരോപിക്കുന്നുണ്ട്.