ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണ് മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷംരൂപ സഹായധനം നല്‍കും. പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷംരൂപ വീതവും നല്‍കുമെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച വ്യോമയാനവകുപ്പു മന്ത്രി രാം മോഹന്‍ നായിഡു കിഞ്ചാരാപു അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഒരാള്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ വിമാനത്താവളങ്ങളിലും കർശന പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. അപകടത്തിന് വഴിതെളിച്ച സാങ്കേതിക കാരണങ്ങള്‍ അന്വേഷണത്തിന് ശേഷമേ കണ്ടെത്താനാകൂവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഡൽഹിയിൽ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 228.1 മില്ലിമീറ്റർ മഴയാണ് രാജ്യതലസ്ഥാനത്ത് പെയ്തത്. മിന്‍റോ റോഡിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിലായി. ആസാദ് മാർക്കറ്റ് അണ്ടർപാസിൽ ട്രക്കുകൾ ഉൾപ്പെടെ മുങ്ങി. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയത് സർവീസുകളെ ബാധിച്ചിട്ടുണ്ട്.ഡൽഹിയിൽ അടുത്ത ഏഴ് ദിവസത്തേക്ക് കൂടി മഴ മുന്നറിയിപ്പുണ്ട്.