ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യ കാലയളവ് ഇന്ന് അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിലേക്ക് പുറപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പായി രാജ്ഘട്ടിലെ ഗാന്ധിസ്മാരകവും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രവും സന്ദർശിക്കുമെന്ന് കെജ്രിവാൾ അറിയിച്ചിരുന്നു.
”ആദ്യം രാജ്ഘട്ടില്‍ പോയി മഹാത്മാ ഗാന്ധിക്ക് ആദരവ് അര്‍പ്പിക്കും. അവിടെനിന്ന് കൊണാട്ട് പ്ലേസിലെ ഹനുമാന്‍ക്ഷേത്രത്തില്‍ പോയി ഹനുമാന്റെ അനുഗ്രഹം തേടും. അവിടെനിന്ന് നേരെ പാര്‍ട്ടി ഓഫീസില്‍ പോയി പ്രവര്‍ത്തകരെയും പാര്‍ട്ടി നേതാക്കളെയും കാണും. ശേഷം അവിടെനിന്ന് തിഹാറിലേക്ക് പോകും.”-എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്. ജയിലിലായാലും ജനങ്ങളുടെ കാര്യം നോക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി. നിങ്ങളെ ഞാൻ ജയിലിൽ വെച്ചും സംരക്ഷിക്കും. നിങ്ങൾ സന്തോഷത്തോടെയിരുന്നാൽ മാത്രമേ കെജ്‍രിവാളിനും സന്തോഷമുണ്ടാവുകയുള്ളൂ.-കെജ്രിവാൾ എ.എ.പി പ്രവർത്തകരോട് പറഞ്ഞു.