ന്യൂഡൽഹി: എ.എ.പി മുതിർന്ന നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി കോടതി ജൂലൈ 15 വരെ നീട്ടി.പ്രത്യേക ജഡ്ജി കാവേരി ബാജ്‍വയാണ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്. മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2023 മാർച്ചിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ ഇ.ഡിക്കു പിന്നാലെ സി.ബി.ഐയും കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ പുതിയ മദ്യനയം സിസോദിയയുടെ ആശയമായിരുന്നുവെന്ന് കെജ്രിവാൾ മൊഴി നൽകിയതായി സി.ബി.ഐ റൗസ് അവന്യൂ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സി.ബി.ഐയുടെ വാദങ്ങൾ കെജ്രിവാൾ നിഷേധിക്കുകയായിരുന്നു.