ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ശിക്ഷയനുഭവിക്കുന്ന ഷർജീൽ ഇമാമിന്റെ ജാമ്യ ഹരജിയിൽ വിധി പറയുന്നത് ഡൽഹി കോടതി മാറ്റി. കർകർദൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് വാദം കേട്ട് സെപ്റ്റംബർ 25 ന് ഉത്തരവ് പ്രഖ്യാപിക്കുന്നതിനായി കേസ് ലിസ്റ്റ് ചെയ്യുകയും ചെയ്തു.ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് 2020ലെ എഫ്‌ഐആർ 22 പ്രകാരം കേസെടുത്ത ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ടിന്റെ (യു.എ.പി.എ) സെക്ഷൻ 13 പ്രയോഗിച്ചു.
2020 ജനുവരി 28 മുതൽ അദ്ദേഹം കസ്റ്റഡിയിലാണ്. യു.എ.പി.എയുടെ സെക്ഷൻ 13 പ്രകാരം നിർദേശിച്ച ഏഴു വർഷത്തെ പരമാവധി ശിക്ഷയിൽ പകുതി പൂർത്തിയാക്കി എന്ന് കാണിച്ചാണ് ഇദ്ദേഹം ജാമ്യഹരജി നൽകിയത്.തിങ്കളാഴ്ച, ഇമാമിന്റെ അഭിഭാഷകൻ കോടതിയിൽ ഇതേ വാദം ഉന്നയിച്ചപ്പോൾ, ഒരു കുറ്റം മാത്രമല്ല, ഒന്നിലധികം കുറ്റകൃത്യങ്ങളുമുണ്ടെന്ന് ഡൽഹി പോലീസ് എതിർക്കുകയായിരുന്നു. മൂന്ന് വർഷവും ആറ് മാസവും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ടെന്നും അതിനാൽ ക്രിമിനൽ നടപടി നിയമത്തിലെ സെക്ഷൻ 436 എ പ്രകാരം നിയമപരമായ ജാമ്യത്തിന് അർഹതയുണ്ടെന്നും അദ്ദേഹത്തിന്റെ അപേക്ഷയിൽ പറയുന്നു.മോചിപ്പിക്കുമ്പോൾ വിശ്വസനീയമായ ജാമ്യം നൽകാനും ഏത് വ്യവസ്ഥകളും പാലിക്കാനും ഇമാം തയ്യാറാണെന്ന് അപേക്ഷയിൽ പറയുന്നു.രാജ്യദ്രോഹം (സെക്ഷൻ 124 എ), വിവിധ മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ (സെക്ഷൻ 153 എ), ദേശീയ ഉദ്ഗ്രഥനത്തിന് മുൻവിധി ഉണ്ടാക്കൽ (സെക്ഷൻ 153 ബി), ഇന്ത്യൻ ശിക്ഷാനിയമപ്രകാരം പൊതു ദ്രോഹത്തിന് ഉതകുന്ന പ്രസ്താവനകൾ (സെക്ഷൻ 505) എന്നിവയാണ് ഷർജീൽ ഇമാമിനെതിരായ കുറ്റങ്ങൾ.