ഡൽഹി : ഭാവിയിൽ പ്രൊഫഷണൽ ടാക്സി ഡ്രൈവർമാരാകാൻ ഡ്രൈവർ പരിശീലനം ആഗ്രഹിക്കുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്നതിനായി ഡൽഹി സർക്കാർ ഒരു സാമ്പത്തിക പദ്ധതി ആരംഭിച്ചു. ഫീസിന്‍റെ 50 ശതമാനം അഥവാ ഏകദേശം 4,800 രൂപ, നഗരത്തിലെ ഗതാഗത വകുപ്പ് ഓരോ സ്ത്രീ പങ്കാളിക്കും നൽകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുരാരി, ലോനി, സരായ് കാലെ ഖാൻ എന്നിവിടങ്ങളിലെ ഇൻ-ഹൗസ് സർക്കാർ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലാണ് പരിശീലനം നല്‍കുക എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെലവിന്റെ 50 ശതമാനം സർക്കാർ വഹിക്കും. ഈ കമ്പനികളിൽ ഡ്രൈവിംഗ് ജോലി തേടുന്ന സ്ത്രീകൾക്ക് ബാക്കി 50 ശതമാനം സ്പോൺസർ ചെയ്യാൻ ഫ്ലീറ്റ് ഉടമകളെയും അഗ്രഗേറ്റർമാരെയും ക്ഷണിക്കും. പരിശീലനം നേടിയ സ്ത്രീകൾക്ക് പരിശീലനം പൂർത്തിയാക്കിയ ശേഷം ഈ കമ്പനികളിൽ ജോലി ഉറപ്പ് നൽകുന്ന സംവിധാനവും ഇതിലൂടെ സജ്ജമാകും.
സ്‍കീമിന് വേണ്ടി ഫ്ലീറ്റ് ഉടമകളിൽ നിന്നോ അഗ്രഗേറ്റർമാരിൽ നിന്നോ താൽപ്പര്യം പ്രകടിപ്പിക്കാൻ (EoI) ആവശ്യപ്പെട്ട് നഗരത്തിലെ ഗതാഗത വകുപ്പ് ഉടൻ ഒരു പരസ്യവും പൊതു അറിയിപ്പും പുറത്തിറക്കും. കൂടാതെ ഈ സംരംഭത്തിന് കീഴിൽ പരിശീലനം നേടുന്ന സ്ത്രീകളുടെ എണ്ണം കണക്കാക്കുകയും ചെയ്യും. പൊതുഗതാഗത മേഖലയിൽ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം. ഉപജീവനത്തിനായി നഗരത്തിൽ ടാക്സി ഡ്രൈവർമാരായി പ്രവർത്തിക്കാൻ വിവിധ സ്ത്രീകൾ താൽപ്പര്യം പ്രകടിപ്പിച്ചതായി ഗതാഗത വകുപ്പ് വക്താവ് എഎൻഐയോട് പറഞ്ഞു.
അടുത്തിടെ സർക്കാർ ബസ് ഓപ്പറേഷനുകൾക്കുള്ളിൽ കൂടുതൽ സ്ത്രീകളെ ഡ്രൈവർമാരായി റിക്രൂട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളിലും യോഗ്യതാ മാനദണ്ഡങ്ങളിലും ദില്ലി സർക്കാർ ഇളവ് വരുത്തിയിരുന്നു. ഇത് ഏറ്റവും കുറഞ്ഞ ഉയരം മാനദണ്ഡം 159 സെന്റിമീറ്ററിൽ നിന്ന് 153 സെന്റിമീറ്ററായും സ്ത്രീ അപേക്ഷകർക്ക് ബസ് ഡ്രൈവർമാരായി പരിചയപ്പെടുത്തുന്നതിനുള്ള അനുഭവ മാനദണ്ഡം ഒരു മാസമായും കുറച്ചു. ഈ സംരംഭം ദില്ലി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഡിടിസിയിലെയും ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസിറ്റ് സിസ്റ്റത്തിലെയും ഏകദേശം 7,300 ബസുകളുടെ സംയോജിത ഫ്ലീറ്റിനുള്ളിൽ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ദില്ലി ട്രാഫിക്കിനെ സംബന്ധിച്ച മറ്റൊരു വാര്‍ത്തയില്‍ ദേശീയ തലസ്ഥാനത്തെ തിരക്കുകളെയും വഴിതിരിച്ചുവിടലിനെയും കുറിച്ച് യാത്രക്കാർക്ക് തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾ നൽകുന്നതിന് എഫ്എം റേഡിയോ ചാനലുകളുമായി ധാരണാപത്രം (എംഒയു) ഒപ്പിടാൻ ദില്ലി പോലീസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ട്രാഫിക് വിവരങ്ങൾ റേഞ്ചുകളിൽ നിന്ന് എടുത്ത് എഫ്എം ചാനലിന് കൈമാറുന്നതിനായി പബ്ലിക് റിലേഷൻസ് ഓഫീസർക്ക് (പിആർഒ) കൈമാറുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അങ്കിത് സിംഗ് വ്യക്തമാക്കി.
അതുപോലെ ഈ മാസം ആദ്യം, ഡൽഹി ഗതാഗത വകുപ്പ് 30 മോട്ടോർസൈക്കിളുകളും 10 ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകളും എൻഫോഴ്‌സ്‌മെന്റ് വകുപ്പുകൾക്ക് നൽകിയിട്ടുണ്ട്. ഈ വാഹനങ്ങൾ ഉപയോഗിച്ച്, എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കനത്ത ട്രാഫിക് ഉള്ള സ്ഥലങ്ങളിൽ വേഗത്തിൽ എത്തിച്ചേരാനും നിയമലംഘകരെ പിന്തുടരാനും രക്ഷപ്പെടാനും പിഴ ഒഴിവാക്കാനും കഴിയുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുന്നത് തടയാൻ ദില്ലി ഗതാഗത വകുപ്പിന്റെ എൻഫോഴ്സ്മെന്റ് ടീമുകളെ രംഗത്തിറക്കിയിട്ടുണ്ട്.