ദില്ലി : കൊവിഡ് വ്യാപനം കൂടിയതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ദില്ലി സര്‍ക്കാര്‍. കൊവിഡ് കര്‍മ്മ പദ്ധതി പ്രകാരമുള്ള ലെവല്‍ വണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. അവശ്യ സര്‍വ്വീസുകളൊഴികെയുള്ള സേവനങ്ങള്‍ക്കാകും ലെവല്‍ വണ്ണില്‍ നിയന്ത്രണം ബാധകമാവുക. സ്കൂളുകളും, കോളേജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുപതായി കുറയ്ക്കും. ബസുകളിലും,മെട്രോകളിലും 50 ശതമാനം യാത്രക്കാരെ മാത്രമാകും അനുവദിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അരവിന്ദ് കെജ്രിവാള് അറിയിച്ചു.
ഒറ്റ ദിവസത്തില്‍ രാജ്യത്ത് രണ്ട് വാക്സീനും, ഒരു കൊവിഡ് മരുന്നിനും അനുമതി ലഭിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയ അറിയിച്ചത്. കൊവിഡ് പോരാട്ടത്തിന് കരുത്തേകാന്‍ കൂടുതല്‍ വാക്സീനുകള്‍ ലഭിച്ചതില്‍ ആരോഗ്യമന്ത്രി രാജ്യത്തെ അഭിനന്ദിച്ചു. ഇതോടെ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ച വാക്സീനുകളുടെ എണ്ണം എട്ടായി. അമേരിക്കന്‍ കമ്പനിയായ നൊവോവാക്സ് വികസിപ്പിച്ച വാക്സീനാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവോവാക്സ് എന്ന പേരില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. ഹൈദ്രാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ ആണ് കൊര്‍ബെവാക്സ് തദ്ദേശീയമായി വികസിപ്പിക്കുന്നത്. കൊവിഡ് വൈറസിന്റെ തന്നെ ഭാഗം ഉപയോഗിച്ച് വികസിപ്പിച്ച വാക്സീനുകളാണ് ഇവ രണ്ടും. ആദ്യമായാണ് രാജ്യത്തെ ഇത്തരം വാക്സീനുകള്‍ക്ക് അനുമതി ലഭിക്കുന്നത്. പല ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ച ഡിസിജിഐ യുടെ വിദഗ്ധ സമിതി അനുമതിക്ക് ശുപാര്‍ശ നല്‍കുകയായിരുന്നു.
ഗുരുതര ലക്ഷണങ്ങളുള്ള കൊവിഡ് രോഗികളില്‍ ഉപയോഗിക്കാവുന്ന ക്യാപ്സൂള്‍ മരുന്നുകളാണ് മുള്നോപിറവിര്. 200 എംജി ക്യാപ്സൂളുകളായി അഞ്ച് ദിവസം കഴിക്കാവുന്ന മരുന്ന് മുതിര്‍ന്നവരില്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. പതിമൂന്ന് കമ്പനികളിലാവും മരുന്ന് ഉത്പാദിപ്പിക്കുക. കൌമാരക്കാരിലെ വാക്സിനേഷനും, കരുതല്‍ ഡോസും വിതരണവും ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സംസ്ഥാനങ്ങിലെ ചീഫ് സെക്രട്ടറിമാരും മെഡിക്കല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. ഇതിനിടെ 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 653 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.