ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പട്ടം പറത്തുന്നത് നിരോധിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. പട്ടം പറത്തുന്നത് ഒരു സാംസ്കാരികവും മതപരവുമായ ആചാരമാണെന്ന് നിരോധിക്കാനാവശ്യപ്പെട്ടുള്ള ഹരജി തള്ളിക്കൊണ്ട് ഹൈകോടതി ബെഞ്ച് പറഞ്ഞു.
പട്ടം പറത്തൽ, വിൽപ്പന-വാങ്ങൽ, സംഭരണം, എന്നിവ പൂർണമായും നിരോധിക്കാൻ കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സൻസർ പാൽ സിങ് എന്നയാൾ പൊതുതാത്‌പര്യ ഹരജി സമർപ്പിച്ചിരുന്നു.
അതേസമയം, ചൈനീസ് സിന്തറ്റിക് ‘മാഞ്ച’ വിൽക്കുന്നത് നിരോധിച്ചുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) ഉത്തരവ് പാലിക്കണമെന്ന് സർക്കാരിനും പൊലീസിനും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
പട്ടം ചരടുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾമൂലം ഒട്ടേറെ പേർ മരിച്ചിട്ടുണ്ട്. പക്ഷികൾ ചാവുന്നതും പരിക്കേൽക്കുകയും ചെയ്യുന്നത് പതിവാണെന്നും ഹർജിയിൽ പറയുന്നു. 2006-ൽ പട്ടം ചരട് ദേഹത്ത് കുരുങ്ങിയപ്പോൾ തനിക്ക് ഒരു അപകടമുണ്ടായെന്നും ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വിരൽ മുറിഞ്ഞെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.