ദില്ലി: സ്കൂളിൽ എസി സൌകര്യം ഏർപ്പെടുത്തിയതിന് വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കിയതിനെതിരായ പൊതുതാൽപര്യ ഹർജി തള്ളി ദില്ലി ഹൈക്കോടതി. എസിക്കായി ഫീസ് ഈടാക്കുന്നത് നിർത്താൻ ആവശ്യപ്പെടാൻ ദില്ലി സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു പൊതുതാൽപര്യ ഹർജി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീക് പ്രീതം സിംഗ് അറോറ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എസിക്കായി ഏർപ്പെടുത്തിയ ഫീസ് സ്കൂളിലെ ലാബ്, സ്മാർട്ട് ക്ലാസ് എന്നിവയ്ക്കായി ഈടാക്കുന്ന ഫീസിന് തുല്യമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി തീരുമാനം.
ലഭ്യമാകുന്ന സൌകര്യങ്ങളേക്കുറിച്ച് അന്വേഷിച്ച ശേഷമാണ് രക്ഷിതാക്കൾ സ്കൂളുകൾ തിരഞ്ഞെടുക്കുന്നത്. ഈ സൌകര്യങ്ങൾക്കായി സ്കൂളുകൾ ഏർപ്പെടുത്തുന്ന ഫീസുകളേക്കുറിച്ചും രക്ഷിതാക്കൾക്ക് ധാരണയുണ്ടാവണം. ഇത്തരം സൌകര്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി വരുന്ന പണ ചെലവ് സ്കൂൾ മാനേജ്മെന്റിന് മാത്രമായി വഹിക്കാനാവില്ലെന്ന നിരീക്ഷണത്തോടെയാണ് ഹർജി കോടതി തള്ളിയത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയേക്കുറിച്ച് കോടതി നിരീക്ഷിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
മനീഷ് ഗോയൽ എന്ന വ്യക്തിയാണ് പൊതു താൽപര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. തന്റെ കുട്ടി പഠിക്കുന്ന സ്കൂളിൽ എസി സൌകര്യത്തിനായി 2000 രൂപ വീതം മാസം തോറും ഈടാക്കുന്നുവെന്ന് കാണിച്ചായിരുന്നു ഹർജി. വിദ്യാർത്ഥികൾക്ക് ഇത്തരം സൌകര്യം നൽകുന്നത് മാനേജ്മെന്റിന്റെ താൽപര്യം മാത്രമാണെന്നും അതിനാൽ ചെലവ് മാനേജ്മെന്റ് വഹിക്കണമെന്നും കാണിച്ചായിരുന്നു പരാതി. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ സമാനമായ രീതിയിലുള്ള പല പരാതിയിലും നടപടിയെടുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദമാക്കുന്നത്.
പ്രഥമദൃഷ്ടിയിൽ ഇത്തരത്തിൽ എസി സൌകര്യത്തിനായി അധിക ഫീസ് ഈടാക്കുന്നതിൽ തെറ്റില്ലെന്ന നിരീക്ഷണമാണ് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദമാക്കുന്നത്. ക്ലാസ് മുറികളിൽ എസി ഉണ്ടെന്നുള്ളത് പരാതിക്കാരന് കുട്ടിയെ ചേർക്കുന്ന സമയത്ത് തന്നെ അറിവുള്ളതെന്നാണെന്നും വിദ്യാഭ്യാസ വകുപ്പ് വിശദമാക്കുന്നു.