ഡല്‍ഹി: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് വേണ്ടി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആരംഭിച്ച അപേക്ഷാ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ചന്ദ്രധാരി സിങിന്റെ സിംഗിള്‍ ബെഞ്ചാണ് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി തള്ളിയത്. പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം മെയിന്‍ പരീക്ഷയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വേണ്ടി യുപിഎസ്‍സി പുറപ്പെടുവിച്ച ഡീറ്റെയില്‍ഡ് ആപ്ലിക്കേഷന്‍ ഫോം – 1 സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
പ്രിലിമിനറി പരീക്ഷയുടെ ആന്‍സര്‍ കീ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കവെ തിടുക്കപ്പെട്ട് മെയിന്‍ പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചതിനെതിരെയായിരുന്നു ഹര്‍ജി. വിഷയത്തില്‍ യുപിഎസ്‍സി അനാവശ്യ തിടുക്കം കാണിക്കുകയാണെന്നും നേരത്തെയും കേസുകളുടെ കാര്യത്തില്‍ ഇത്തരം നിലപാട് സ്വീകരിക്കുകയും ഒടുവില്‍ സമയം കഴിഞ്ഞുപോയെന്ന് കോടതിയില്‍ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
സിവില്‍ സര്‍വീസ് പരീക്ഷയുടെ എല്ലാ നടപടികളും അവസാനിച്ച ശേഷമേ പ്രിലിമിനറി പരീക്ഷയുടെ ആന്‍സര്‍ കീ പുറത്തുവിടൂ എന്ന് അറിയിച്ചുകൊണ്ട് ജൂണ്‍ 12ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിനെ തുടര്‍ന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. മള്‍ട്ടിപ്പിള്‍ ചോയിസ് രീതിയില്‍ നടത്തപ്പെടുന്ന മത്സര പരീക്ഷകളുടെ ഉത്തര സൂചികകള്‍ നേരത്തെ തന്നെ തയ്യാറാക്കുമെന്നും പരീക്ഷ കഴിഞ്ഞ ഉടന്‍ അത് പ്രസിദ്ധീകരിക്കേണ്ടത് എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ശരിയായ മൂല്യനിര്‍ണയം നടന്നുവെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമാണെന്നുമാണ് ഹര്‍ജിയിലെ വാദം. ഉത്തര സൂചികകള്‍ക്ക് പുറമെ കട്ട് ഓഫ് മാര്‍ക്കും പരീക്ഷയുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായ ശേഷം മാത്രമേ പുറത്തുവിടൂ എന്നാണ് യുപിഎസ്‍സിയുടെ അറിയിപ്പ്.