ന്യൂഡൽഹി: ഡൽഹിയിൽ തീപിടിച്ച ആശുപത്രിയിൽനിന്ന് കുഞ്ഞുങ്ങളെ രക്ഷിച്ചത് ഏതാനും പ്രദേശവാസികളുടെ ധീരത. തീപിടിത്തത്തിെന്റ വിഡിയോ ചിത്രീകരിക്കാൻ തിരക്കുകൂട്ടിയ ജനക്കൂട്ടത്തെ അകറ്റാൻ അഗ്നിരക്ഷാസേന പാടുപെടുന്നതിനിടെയാണ് പ്രദേശവാസികൾ ജീവൻ പണയംവെച്ച് മുന്നോട്ടു വന്നത്.
പ്രദേശവാസികളുടെ സഹായത്തോടെ ആശുപത്രിക്ക് പിന്നിലെ ജനാലയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെത്തിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘രാത്രി 11.25നാണ് തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞത്. 11.30ന് ഞാൻ സംഭവ സ്ഥലത്തെത്തി. പിന്നാലെ മൂന്ന് സ്ഫോടനങ്ങൾ കേട്ടു. ആദ്യത്തേതിൽ കെട്ടിടത്തിെന്റ മുൻഭാഗം പൂർണമായും തീ പടർന്നു. രണ്ടാമത്തെ സ്ഫോടനത്തിൽ ഒരു ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. മുൻഭാഗത്ത് മുഴുവൻ തീ പടർന്നതിനാൽ പിന്നിലെ ജനാല തകർത്ത് അകത്തുകടന്നാണ് കുഞ്ഞുങ്ങളെ പുറത്തെത്തിച്ചത്’- പ്രദേശവാസിയായ ജിതേന്ദർ സിങ് പറഞ്ഞു.