ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പേഴ്സണൽ സെക്രട്ടറിക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് നടപടി. പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാറിൻ്റെ വസതിയിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ്. ഡൽഹി ജൽ ബോർഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കുമാറിനെ കൂടാതെ ചില എഎപി നേതാക്കളുടെ ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം.
ഡൽഹിയിലെ 12 സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. കെജ്‌രിവാളിൻ്റെ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാർ, രാജ്യസഭാംഗം എൻ.ഡി ഗുപ്ത, മുൻ ഡൽഹി ജൽ ബോർഡ് അംഗം ശലഭ് കുമാർ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഏജൻസി പരിശോധന നടത്തിവരികയാണ്. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
കേസുമായി ബന്ധപ്പെട്ട്, കഴിഞ്ഞ മാസം പിഎംഎൽഎ നിയമപ്രകാരം ജൽ ബോർഡിൻ്റെ മുൻ ചീഫ് എഞ്ചിനീയർ ജഗദീഷ് കുമാർ അറോറയെ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഒരു വ്യവസായിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി ജൽ ബോർഡിൻ്റെ ചീഫ് എഞ്ചിനീയറായിരുന്നു ജഗദീഷ് കുമാർ അറോറ ചട്ടങ്ങൾ ലംഘിച്ച് NKG ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി കരാറിൽ ഏർപ്പെടുകയും 38 കോടിയുടെ അഴിമതി നടത്തിയെന്നുമാണ് ആരോപണം.