ന്യൂഡൽഹി: ഡൽഹി ലഫ്.ഗവർണർ അനിൽ ബൈജാൽ രാജിവച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദിനു രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അനിൽ ബൈജാൽ, 2016 ഡിസംബറിലാണ് ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റത്. നജീബ് ജംഗിന്റെ പെട്ടെന്നുള്ള രാജിയെത്തുടർന്നായിരുന്നു നിയമനം.
ഡൽഹി സർക്കാരും ലഫ്.ഗവർണറും തമ്മിലുള്ള അധികാര വടംവലി അനിൽ ബൈജാലിന്റെ കാലയളവിൽ രൂക്ഷമായിരുന്നു. ഡൽഹിയുടെ ഭരണം പൂർണമായി ലഫ്. ഗവർണറുടെ നിയന്ത്രണത്തിലാക്കുന്ന നിയമ ഭേദഗതി കഴിഞ്ഞ വർഷമാണ് പ്രാബല്യത്തിലായത്.
ഡൽഹി വികസന അതോറിറ്റിയുടെ മുൻ വൈസ് ചെയർമാനായും അനിൽ ബൈജാൽ നേരത്തെ ഡൽഹിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൽ ആഭ്യന്തര സെക്രട്ടറിയായി പ്രവർത്തിച്ചു. യുപിഎ ഭരണകാലത്ത് ജവഹർലാൽ നെഹ്‌റു നാഷനൽ അർബൻ റിന്യൂവൽ മിഷൻ നടപ്പിലാക്കിയതിനുശേഷം ബൈജലിനെ നഗരവികസന മന്ത്രാലയത്തിലേക്കു മാറ്റി.
ഇന്ത്യൻ എയർലൈൻസിന്റെ ചെയർമാൻ, മാനേജിങ് ഡയറക്ടർ, പ്രസാർ ഭാരതി കോർപ്പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, ഗോവ ഡവലപ്‌മെന്റ് കമ്മിഷണർ, നേപ്പാളിലെ ഇന്ത്യയുടെ സഹായ പദ്ധതിയുടെ ചുമതലയുള്ള കൗൺസിലർ എന്നീ നിലകളിലും അനിൽ ബൈജാൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.