ന്യൂഡൽഹി: തനിക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയ എഎപി നേതാക്കള്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന. എംഎൽഎമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവർക്കെതിരെയും നടപടിയെടുക്കുമെന്നാണ് വിവരം. ഗവർണർക്കെതിരെ എഎപി നേതാക്കൾ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
സക്സേന ഖാദി ബോർഡിന്റെ ചെയർമാനായിരുന്നപ്പോൾ 2016ലെ നോട്ട് നിരോധനകാലത്ത് രണ്ട് ജീവനക്കാരെ ഉപയോഗിച്ച് 1400 കോടി രൂപയുടെ നിരോധിത നോട്ടുകൾ മാറ്റിയെടുത്തെന്ന ആരോപണമാണ് എഎപി ഉന്നയിച്ചത്.
അതേസമയം, ആരോപണം അവരുടെ സങ്കൽപ്പമാണെന്ന് സക്സേന പറഞ്ഞു. ‘‘അരവിന്ദ് കേജ്‍രിവാൾ കമ്പനിയുടെ സ്ഥിരം പരിപാടിയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് കടന്നുകളയുക, സത്യം പറയാൻ നിർബന്ധിതരാകുമ്പോൾ മാപ്പു പറയുക എന്നത്. ആരോപണങ്ങൾ തീർത്തും വ്യാജമാണ്, അപകീർത്തികരമാണ്. അവർക്കെതിരെ നടപടിയെടുക്കും. ആരോപണം ഉന്നയിച്ച് കടന്നുകളയുക എന്ന സ്ഥിരം പരിപാടി നടക്കില്ല’’– സക്സേനയുടെ ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, ബിജെപിയുടെ ‘‘ഓപ്പറേഷൻ ലോട്ടസ്’’ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സിബിഐ ആസ്ഥാനത്തിനു പുറത്ത് എഎപി പ്രതിഷേധം നടത്തി. തടഞ്ഞതിനെത്തുടർന്ന് പ്രതിഷേധക്കാർ പുറത്തു കുത്തിയിരുന്നു ധർണ നടത്തി. വിവിധ സംസ്ഥാനങ്ങളിൽ ‘‘ഓപ്പറേഷൻ ലോട്ടസിന്റെ പേരിൽ സർക്കാരുകളെ അട്ടിമറിക്കുകയാണ് ബിജെപിയെന്നാണ് എഎപിയുടെ ആരോപണം.