ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു. സിസോദിയ ഒന്നാം പ്രതിയായ മദ്യനയ കേസിലായിരുന്നു ചോദ്യം ചെയ്തത്. രാവിലെ പതിനൊന്നരയ്ക്ക് ദില്ലി സിബിഐ ആസ്ഥാനത്ത് ഹാജരായ സിസോദിയ രാത്രി ഒമ്പത് മണിയോടെയാണ് മടങ്ങിയത്. പ്രവർത്തകർക്കൊപ്പം രാജ്ഘട്ടിൽ പ്രാർത്ഥിച്ചു റാലി ആയാണ് സിസോദിയ ചോദ്യം ചെയ്യലിന് എത്തിയത്.
തന്നെ അറസ്റ്റ് ചെയ്യാനാണ് സിബിഐയുടെ നീക്കമെന്ന് സിസോദിയ പറഞ്ഞു. മദ്യ നയ കേസിൽ ഒരു അഴിമതിയും കണ്ടെത്താൻ സിബിഐക്ക് സാധിച്ചിട്ടില്ല. ഒമ്പത് മണിക്കൂർ നീണ്ട സിബിഐയുടെ ചോദ്യം ചെയ്യലിൽ തനിക്കത് വ്യക്തമായിയെന്നും ദില്ലിയിൽ ഓപ്പറേഷൻ താമര നടപ്പാക്കാനാണ് ശ്രമമെന്നും മനീഷ് സിസോദിയ പറഞ്ഞു. സിസോദിയയോട് നിലവിൽ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിബിഐ പ്രതികരിച്ചു. സിസോദിയ നൽകിയ മറുപടി പരിശോധിച്ച ശേഷം അവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും ഏജൻസി വ്യക്തമാക്കി. ഗുജറാത്തിൽ ബിജെപി തോൽവി ഭയന്നാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് എന്ന് എഎപി ആരോപിച്ചു.