ഡൽഹി-ജയ്പൂർ ഹൈവേ മുറിച്ചുകടക്കുകയായിരുന്ന 35കാരൻ സ്കൂൾ ബസ് ഡ്രൈവറെ അജ്ഞാത വാഹനം വെട്ടിവീഴ്ത്തി. മറ്റ് നിരവധി വാഹനങ്ങൾ മൃതദേഹത്തിന് മുകളിലൂടെ പാഞ്ഞുകയറി. തിരിച്ചറിയാൻ കഴിയാത്തവിധം മൃതദേഹം വികൃതമായിപ്പോയെന്ന് പൊലീസ് അറിയിച്ചു.
തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ മോഹൻ ഗാർഡനിലെ താമസക്കാരനായ രമേഷ് നായക്കാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ പഴ്സ് സംഭവ സ്ഥലത്തുനിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. സ്‌കൂൾ ബസ് ഡ്രൈവറായ രമേശ് ഭാര്യയും മൂന്ന്, എട്ട്, പത്ത് വയസ് പ്രായമുള്ള മൂന്ന് മക്കളും ആയിട്ട് കഴിഞ്ഞുവരികയായിരുന്നു. രമേഷ് സഹോദരിയെ കാണാൻ ജയ്പൂരിലേക്ക് പോകുമ്പോൾ വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ ദേശീയ പാത 48ലെ ഡൽഹി-ജയ്പൂർ റോഡിലായിരുന്നു സംഭവം. സുഖമില്ലാതായതിനെ തുടർന്ന് പാതിവഴിയിൽ തീരുമാനം മാറ്റി ഡൽഹിയിലേക്ക് തന്നെ മടങ്ങാൻ ഇദ്ദേഹം തീരുമാനിച്ചു.
“ആദ്യ വാഹനം ഇടിക്കുമ്പോൾ രമേഷ് കാൽനടയായി ഹൈവേ മുറിച്ചുകടന്നിരിക്കണം. പിന്നിൽ നിന്ന് വന്ന മറ്റ് നിരവധി വാഹനങ്ങൾ മൃതദേഹം കാണാതെ അതിന് മുകളിലൂടെ പോയി. ഒരു യാത്രക്കാരൻ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ട് പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി. വീട്ടുകാരെ വിവരം അറിയിച്ചു” -ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രമേശിന്റെ ഇളയ സഹോദരൻ ദിലീപ് നായക് ആണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.