ദില്ലി: 11 വർഷത്തിന് ശേഷം ദില്ലി നിയമസഭയിലെ എംഎൽഎമാരുടെ ശമ്പളം 66 ശതമാനം വർധിക്കുന്ന ബിൽ നിയമസഭ പാസാക്കി. തിങ്കളാഴ്ചയാണ് വർദ്ധനവ് സംബന്ധിച്ച ബില്ലുകൾ ദില്ലി നിയമസഭ പാസാക്കിയത്. മന്ത്രിമാർ, എംഎൽഎമാർ, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളം വർധിപ്പിക്കാൻ അഞ്ച് ബില്ലുകൾ അവതരിപ്പിച്ചു.
ബില്ലുകൾ ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. മന്ത്രിമാർ, എംഎൽഎമാർ, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളവും അലവൻസുകളും വർധിപ്പിക്കുമെന്ന് നിയമമന്ത്രി കൈലാഷ് ഗഹ്ലോട്ട് ട്വീറ്റ് ചെയ്തു. എംഎൽഎമാരുടെ ശമ്പളവും അലവൻസും നിലവിലെ സാഹചര്യത്തിൽ വർധിപ്പിക്കുന്നത് നല്ലതാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ശമ്പളം നല്ല രീതിയിൽ നൽകുന്നതിനാൽ എംഎൽഎമാർക്ക് തങ്ങളുടെ ചുമതലകൾ ഫലപ്രദമായി നിർവഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎമാർക്ക് പ്രതിമാസം 12,000 രൂപ ശമ്പളം ലഭിച്ചാൽ അവർ സത്യസന്ധമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാമോ. കഴിവുള്ളവരെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാൻ പ്രതിഫലം മികച്ചതാകണം. കോർപ്പറേറ്റുകൾക്ക് ശമ്പളം കൊണ്ടാണ് കഴിവുള്ള ആളുകളെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1993 മുതൽ 2011 വരെ ദില്ലി എംഎൽഎമാരുടെ ശമ്പളവും അലവൻസും മൂന്നര വർഷത്തിലൊരിക്കൽ ശരാശരി അഞ്ച് മടങ്ങ് വർധിപ്പിച്ചതായി ചർച്ചയ്ക്കിടെ സ്പീക്കർ രാം നിവാസ് ഗോയൽ പറഞ്ഞു.
ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ രാംവീർ സിങ് ബിധുരിയും ശമ്പള വർധനയെ പിന്തുണച്ചു. നിരവധി എംഎൽഎമാർ പലിശ രഹിത വാഹന വായ്പകളും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടു. നിലവിൽ ദില്ലിയിലെ ഒരു നിയമസഭാംഗത്തിന് ശമ്പളമായും അലവൻസുകളുമായും പ്രതിമാസം 54,000 രൂപയാണ് ലഭിക്കുന്നത്. വർധന പ്രകാരം 90,000 രൂപയായി ഉയരും. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരു എംഎൽഎ നിലവിൽ 12,000 രൂപയാണ് പ്രതിമാസ ശമ്പളം. ബില്ലുകൾ രാഷ്ട്രപതി അംഗീകരിച്ചാൽ 30,000 രൂപയായി ഉയരും. നിയോജക മണ്ഡലം അലവൻസ് 18,000 രൂപയിൽ നിന്ന് 25,000 രൂപയായും ഗതാഗത അലവൻസ് 6,000 രൂപയിൽ നിന്ന് 10,000 രൂപയായും ഉയർത്തും.
ടെലിഫോൺ അലവൻസ് 2,000 വർധിപ്പിച്ച് 10,000 രൂപയാകും. സെക്രട്ടേറിയൽ അലവൻസ് 10,000 രൂപയിൽ നിന്ന് 15,000 രൂപയായും വർധിപ്പിക്കും. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ പ്രതിമാസ ശമ്പളം നിലവിലെ 20,000 രൂപയിൽ നിന്ന് 60,000 രൂപയായി ഉയർത്തും.
നിയോജക മണ്ഡലം അലവൻസ് നിലവിലുള്ള 18,000 രൂപയിൽ നിന്ന് 30,000 രൂപയായും സപ്ച്വറി അലവൻസ് നിലവിലുള്ള 4,000 രൂപയിൽ നിന്ന് 10,000 രൂപയായും സെക്രട്ടേറിയറ്റ് സഹായ അലവൻസ് 25,000 രൂപയായും പ്രതിദിന അലവൻസ് 1,000 രൂപയിൽ നിന്ന് 1,500 രൂപയായും ഉയർത്തും. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ മൊത്തത്തിലുള്ള ശമ്പളവും അലവൻസുകളും നിലവിലെ പ്രതിമാസം 72,000 രൂപയിൽ നിന്ന് 1.70 ലക്ഷം രൂപയായി ഉയർത്തും. കൂടാതെ, കുടുംബത്തോടൊപ്പമുള്ള വാർഷിക യാത്രയ്ക്ക് നേരത്തെ 50,000 രൂപയുണ്ടായിരുന്നത് ഒരു ലക്ഷം രൂപ വരെയാക്കി. പ്രതിമാസം 20,000 രൂപയുടെ സൗജന്യ താമസസൗകര്യം, ഗതാഗത അലവൻസായി പ്രതിമാസം 10,000 രൂപയാക്കി. സൗജന്യ വൈദ്യചികിത്സയും നൽകും.
മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭാംഗങ്ങളുടെ ശമ്പളവും അലവൻസുകളും ഉദ്ധരിച്ച് ചില എംഎൽഎമാർ രാജ്യത്തെ ഏറ്റവും കുറഞ്ഞ ശമ്പളമുള്ള നിയമസഭാ സാമാജികരാണെന്ന് ദില്ലിയിലാണെന്ന് പറഞ്ഞു. 2015-ൽ ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്നതിനുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും മാറ്റങ്ങൾ ശുപാർശ ചെയ്ത് കേന്ദ്രം തിരിച്ചയച്ചിരുന്നു. പിന്നീട് എംഎൽഎമാരുടെ ശമ്പളവും അലവൻസുകളും പരിഷ്‌കരിക്കുന്നതിനുള്ള നിയമനിർമ്മാണ നിർദ്ദേശങ്ങൾ ദില്ലി നിയമസഭയിൽ അവതരിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) മെയ് മാസത്തിൽ ദില്ലി സർക്കാരിന് മുൻകൂർ അനുമതി നൽകിയിരുന്നു.