ഡൽഹി : ലോകത്തിലെ ഏറ്റവും മലിനമായ രാജ്യതലസ്ഥാനമായി വീണ്ടും ഡൽഹി. ഇത് നാലാം തവണയാണ് വായു മലിനീകരണത്തിൽ ഡൽഹി മറ്റ് നഗരങ്ങളെ പിന്നിലാക്കുന്നത്. ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുളള 35 നഗരങ്ങൾ ഇന്ത്യയിൽ ആണെന്നും റിപ്പോർട്ട്. സ്വിസ് സ്ഥാപനമായ IQAir പുറത്തിറക്കിയ ആഗോള വായു ഗുണനിലവാര റിപ്പോർട്ടിണ് കണ്ടെത്തൽ. പിഎം-2.5 അളവ് ഏറ്റവും കൂടുതൽ ഡൽഹിയിലാണ്. മലിനീകരണത്തിന്റെ തോത് അളക്കുന്നതിനുള്ള യൂണിറ്റാണ് ‘പിഎം-2.5’. 32 ദശലക്ഷം ആളുകൾ വസിക്കുന്ന നഗരത്തിൽ പിഎം-2.5ൻ്റെ അളവ് ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത പരിധിയുടെ 20 മടങ്ങ് അധികമാണ്. ഇത് ഗുരുതരമായ ശ്വാസകോശ, ഹൃദയ രോഗങ്ങൾക്ക് കാരണമാകും.
മുൻവർഷത്തെ അപേക്ഷിച്ച് മലിനീകരണ തോത് ഏകദേശം 15 ശതമാനം ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വായുമലിനീകരണത്തിന്റെ കാര്യത്തിൽ ഡൽഹിയെ രാജസ്ഥാനിലെ ഭിവാഡി പിന്നിലാക്കി. 2021ൽ ഭിവാഡിയിൽ PM-2.5 ന്റെ ശരാശരി അളവ് 106.2 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് ഗാസിയാബാദാണ്. അന്തരീക്ഷ ഗുണനിലവാരം പാലിക്കുന്ന ഒരു നഗരവും ഇന്ത്യയിൽ ഇല്ല. ഇന്ത്യക്കൊപ്പം കാനഡയും ന്യൂസിലാൻഡും നേരിടുന്നത് കടുത്ത വായുമലിനീകരണ ഭീഷണിയാണെന്നും ലോകാരോഗ്യ സംഘടന.