ഡൽഹി : സാഗർ ധങ്കർ വധക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഗുസ്തി താരം സുശീൽ കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പോലീസ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും പ്രതികൾ രാജ്യം വിടാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ പോലീസ് പറയുന്നു. കൊലപാതകത്തിൻ്റെ മുഖ്യ സൂത്രധാരൻ സുശീൽ കുമാറാണ്. കൊല്ലപ്പെട്ട സാഗറിനെ തട്ടികൊണ്ട് പോകാൻ കൂട്ടുപ്രതികളുമായി ഗൂഢാലോചന നടത്തി. ഇതിനായി ഹരിയാന ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ആയുധങ്ങളും ആളുകളെയും ക്രമീകരിച്ചു. സുശീൽ കുമാറിന്റെ സ്വാധീനവും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊലപാതകത്തിന് ശേഷം സുശീൽ കൂട്ടാളികളോടൊപ്പം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തു. 18 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതീവ ഗുരുതരമായ കേസാണിതെന്നും പോലീസ് അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും എല്ലാ സാധ്യതയുമുണ്ട്. ജാമ്യം അനുവദിച്ചാൽ സുശീൽ രാജ്യം വിടുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
2021 മെയ് 4 നാണ് സംഭവം. ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിനുള്ളിൽ 23 കാരനെയും മറ്റ് ഗുസ്തിക്കാരെയും കുമാറും കൂട്ടാളികളും തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി. കഴിഞ്ഞ വർഷം മെയ് 23ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത സുശീൽ കുമാർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.