ദില്ലി: ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്ന് ദില്ലി പോലീസ്. കേസില്‍ ദില്ലി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചുവെന്നാണ് പറയുന്നത്. രണ്ട് സ്ഥാപനങ്ങൾ അമേരിക്കന്‍ വ്യവസായി നിവില്‍ റോയി സിംഘമിന്‍റെയും ഒന്ന് ഭാര്യയുടെയും ഉടമസ്ഥതയിലുള്ളതെന്നുമാണ് പോലീസ് പറയുന്നത്. ഈ സ്ഥാപനങ്ങളില്‍നിന്ന് 2018 മുതൽ ഫണ്ടുകൾ കൈപ്പറ്റിയെന്നും പറയുന്നു. ആക്ടിവിസ്റ്റ് ഗൗതം നവ് ലാഖെക്ക് ന്യൂസ് ക്ലിക്കില്‍ ഓഹരിയുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. ചൈനയില്‍നിന്ന് വന്‍തോതില്‍ ഫണ്ട് വന്നിട്ടുണ്ടെന്നും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോദിച്ചിട്ടുണ്ടെന്നുമാണ് ദില്ലി പോലീസിന്‍റെ ആരോപണം. ഗൗതം നവ് ലാഖ ഉള്‍പ്പെട്ടിരിക്കുന്ന കേസുകളില്‍ ഈ പണം വന്‍തോതില്‍ ചിലവഴിക്കപ്പെട്ടിരിക്കുന്നുവെന്നും നക്സലുകള്‍ക്കായും ഈ പണം ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്.
സര്‍ക്കാരിന്‍റെ കോവിഡ് പ്രവര്‍ത്തനങ്ങളെ ന്യൂസ് ക്ലിക്ക് നിരന്തരമായി മോശമായി ചിത്രീകരിച്ചുവെന്നും ആരോപണവും എഫ്.ഐ.ആറിലുണ്ട്. ഇതിനിടെ ന്യൂസ് ക്ലിക്കിനെതിരായ കേസില്‍ കൂടുതല്‍ അറസ്റ്റിനും സാധ്യതയുണ്ട്. ഇതിനുമുന്നോടിയായി നാലു മാധ്യമപ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ന്യൂസ് ക്ലിക്കിനെതിരായ നടപടിക്കെതിരെ 16 മാധ്യമ സംഘടനകൾ ചീഫ് ജസ്റ്റിസിന് കത്തയച്ചു. യുഎപിഎ ചുമത്തിയതിനെ ചോദ്യം ചെയ്താണ് കത്ത് അയച്ചത്. ചീഫ് ജസ്റ്റിസിനു മുമ്പാകെ വിഷയം പരാമർശിക്കാനും മാധ്യമസംഘടനകള്‍ ആലോചിക്കുന്നുണ്ട്. ചൈനീസ് അജണ്ട നടപ്പാക്കിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്ക് വാർത്താക്കകുറിപ്പിലൂടെ അറിയിച്ചത്. തങ്ങൾ മാധ്യമ പ്രവർത്തനത്തിനത്തിന്റെ എല്ലാ മാന്യതയും പുലർത്തുന്നുണ്ടെന്നും എല്ലാ ഫണ്ടുകളും ബാങ്കിലുടെ മാത്രമാണ് വാങ്ങിയിട്ടുള്ളതെന്നും വാർത്താക്കുറിപ്പിൽ ന്യൂസ് ക്ലിക്ക് പറയുന്നു. നിയമത്തിലും കോടതിയിലും പൂർണ്ണവിശ്വാസമുണ്ടെന്നും മാധ്യമസ്വാതന്ത്ര്യത്തിനും തങ്ങളുടെ ജീവിതത്തിനും വേണ്ടി ഇന്ത്യൻ ഭരണഘടനയിലൂന്നി പോരാടുമെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി. ചൈനീസ് താത്പര്യമോ ചൈനീസ് അധികൃതരുടെ ഭാഷ്യമോ കലർന്ന ഒരു വാർത്തയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് യുഎപിഎ കേസില്‍ ന്യൂസ്ക്ലിക്ക് വാര്‍ത്താപോര്‍ട്ടലിന്‍റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർ കായസ്ത അറസ്റ്റിലായത്. സ്ഥാപനത്തിന്റെ എച്ച് ആർ മേധാവി അമിത് ചക്രവർത്തിയും അറസ്റ്റിലായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെയും സ്ഥാപനവുമായി സഹകരിക്കുന്നവരുടെയും വസതികളില്‍ 9 മണിക്കൂറായിരുന്നു റെയ്ഡ് നടന്നത്. ചൈനീസ് ഫണ്ട് സ്ഥാപനത്തിലേക്കെത്തിയെന്ന ആക്ഷേപത്തിലാണ് ദില്ലി പോലീസ് റെയ്ഡ് നടത്തിയതും അറസ്റ്റ് ചെയ്തതും. ന്യൂസ് ക്ലിക്ക് ജീവനക്കാരന്‍ താമസമിക്കുന്നതിനാല്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ് നടന്നിരുന്നു. ഫണ്ട് എത്തിച്ച അമേരിക്കന്‍ വ്യവസായിയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പ്രകാശ് കാരാട്ടും അന്വേഷണ ഏജന്‍സികളുടെ റഡാറിലാണ്.