ദില്ലി: സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള ദില്ലി പോലീസിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ആംആദ്മി പാർട്ടി. പ്രധാനമന്ത്രി ഇടപെട്ടാണ് കെജരിവാളിന്റെ വയോധികരായ മാതാപിതാക്കളെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. സ്വാതി മലിവാളിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെജരിവാൾ പ്രതികരിച്ചു.
മറ്റന്നാൾ ദില്ലിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ പുതിയ പോർമുഖം തുറക്കുകയാണ് എഎപി. വയോധികരായ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഇന്ന് ദില്ലി പോലീസെത്തുമെന്ന് കെജ്രിവാളാണ് ആദ്യം എക്സിലൂടെ അറിയിച്ചത്. സ്വാതി മലിവാളിന്റെ പരാതിക്കാസ്പദമായ സംഭവം നടക്കുന്ന സമയത്ത് ആ വീട്ടിലുണ്ടായിരുന്നവരെയെല്ലാം ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് കെജ്രിവാളിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നതെന്നാണ് ദില്ലി പോലീസ് പറയുന്നത്.
എന്നാൽ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് വിഷയം ആയുധമാക്കുകയാണ് എഎപി. 85 വയസായ കെജ്രിവാളിന്റെ അമ്മ അയോധ്യരാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ രോഗം ബാധിച്ച് ആശുപത്രിയിലായിരുന്നു. ഈയിടെയാണ് ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് തിരിച്ചെത്തിയത്. നടക്കാൻ പോലും വയ്യാത്ത അവരെ കേസിലുൾപ്പെടുത്തി ഉപദ്രവിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. സ്വാതിയുടെ പരാതിയിൽ സുതാര്യമായ അന്വേഷണം നടക്കണമെന്ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് കെജ്രിവാള്‍ പറഞ്ഞത്.