ന്യൂഡൽഹി : തന്നെ തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞ് സഹോദരനെ വിളിച്ച് പണം ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. ഡൽഹിയിലെ മെഹ്‌റോളിയിലാണ് സംഭവം. തന്റെ സഹോദരിയെ അജ്ഞാതർ തട്ടിക്കൊണ്ടു പോയെന്ന യുവാവിന്റെ പരാതിയെ തുടർന്നാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. കടത്തിക്കൊണ്ടു പോയവർ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് തന്റെ ഫോണിലേക്കു പല തവണ വിളിച്ചെന്നും മെസേജ് അയച്ചെന്നുമായിരുന്നു യുവാവിന്റെ പരാതി. കൈകൾ ബന്ധിച്ച നിലയിലുള്ള യുവതിയുടെ ഫോട്ടോയും പരാതിക്കൊപ്പം യുവാവ് പൊലീസിനു നൽകിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ വീട്ടിലെത്തിയ പൊലീസ് സംഘം സിസിടിവി ക്യാമറ പരിശോധിച്ചു. ഇതിൽ കഴിഞ്ഞ ചൊവ്വാഴ്ച യുവതി വീട്ടിൽനിന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. എന്നാൽ വാട്സാപ് പ്രവർത്തിക്കുന്നുമുണ്ടായിരുന്നു. ഇതുവച്ച് ഫോണിന്റെ ലൊക്കേഷൻ പൊലീസ് കണ്ടെത്തി. ആഗ്രയിലായിരുന്നു ഫോൺ അപ്പോഴുണ്ടായിരുന്നത്.
പിന്നീട് നടത്തിയ തിരച്ചിലിൽ യുവതിയെ ആഗ്രയിലുള്ള ഒരു ഹോട്ടൽ മുറിയിൽനിന്ന് കണ്ടെത്തുകയും ഇത് യുവതിയുടെ നാടകമായിരുന്നുവെന്ന് തെളിയുകയുമായിരുന്നു. സഹോദരനെ ഫോണിൽ വിളിച്ച യുവതി ഒരു മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പുരുഷ ശബ്ദത്തിലാണ് സംസാരിച്ചത്. സാമ്പത്തിക ഞെരുക്കത്തെ തുടർന്നാണ് യുവതി ഇത്തരത്തിലൊരു നാടകം കളിച്ചതെന്നാണ് പൊലീസ് പറയുന്നത്.