ഡെലിവറി ബോയിയെ മുട്ടുകുത്തിച്ച് നിർത്തിയ സെക്യൂരിറ്റി ഗാർഡിന്റെ പ്രവൃത്തിയെ ചൊല്ലി ചൈനയിൽ വൻ പ്രതിഷേധം. അതോടെ ഇങ്ങനെയുള്ള തൊഴിലാളികളോട് ദയയോടെ പെരുമാറണമെന്ന് ആവശ്യപ്പെട്ട് സർക്കാർ.
ഡെലിവറി ബോയിയെ സെക്യൂരിറ്റി ഗാർഡ് മുട്ടുകുത്തിച്ച് നിർത്തിയിരിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. കഴിഞ്ഞ തിങ്കളാഴ്ച ഹാങ്‌സൗവിലെ ഒരു കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു യുവാവിനെ ഗാർഡുകൾ തടയുകയായിരുന്നു. ബൈക്കിൽ തിരക്കിട്ട് പോകവെ റെയിലിംഗിന് കേടുവരുത്തി എന്ന് പറഞ്ഞാണ് തടഞ്ഞത്.
ഇയാളെ ഗാർഡ് പോകാൻ സമ്മതിച്ചില്ല. ഇതോടെ ഡെലിവറി ബോയി തന്റെ ഡെലിവറി വൈകും എന്ന് പേടിച്ചതിനെ തുടർന്ന് അയാളുടെ മുന്നിൽ മുട്ടുകുത്തുകയും തന്നെ പോകാൻ അനുവദിക്കണം എന്ന് അഭ്യർത്ഥിക്കുകയും ആയിരുന്നുവെന്നാണ് സിറ്റി പൊലീസ് പറയുന്നത്. എന്തായാലും, ഇതിന്റെ വീഡിയോ വൈറലായി മാറിയതോടെ ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ഇത്തരം ജോലി ചെയ്യുന്ന ആളുകൾക്ക് കൃത്യമായ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. ഡെലിവറി ജോലി ചെയ്യുന്ന അനേകങ്ങൾ പ്രതിഷേധത്തിൽ പങ്കാളികളായിരുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന യുവാക്കളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ‘മാപ്പ് പറയൂ, മാപ്പ് പറയൂ’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് പലരും പ്രതിഷേധത്തിൽ പങ്കാളികളായത്. പലപ്പോഴും വലിയ എണ്ണം പൊലീസുകാർ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി വേണ്ടിവന്നു. സോഷ്യൽ മീഡിയയിലും വലിയ വിമർശനങ്ങളാണ് ഉയർന്നത്. എന്തായാലും, ഇങ്ങനെയുള്ള ജോലി ചെയ്യുന്ന ആളുകളോട് ദയയോടെ പെരുമാറണമെന്ന് അധികൃതർ പറഞ്ഞിട്ടുണ്ട്. അപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം വിഷയം ചർച്ചയായി തന്നെ തുടരുകയാണ്.