കുവൈത്ത് സിറ്റി: ഈ വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ കുവൈത്തിൽ സ്വര്‍ണാഭരണങ്ങളുടെ ആവശ്യം വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വില്‍പനയായ 10 ടണ്ണുമായി താരമത്യം ചെയ്യുമ്പോൾ ഈ വർഷം 10.8 ടണ്ണായാണ് വർദ്ധനല് രേഖപ്പെടുത്തിയിട്ടുള്ളത്.
വാർഷികാടിസ്ഥാനത്തിൽ സ്വര്‍ണ വില്‍പനയില്‍ എട്ട് ശതമാനത്തിന്റെ വർധനയുണ്ടായതായും കണക്കുകള്‍ പറയുന്നു. സെപ്തംബർ 30 വരെയുള്ള ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ രാജ്യത്ത് സ്വര്‍ണ നാണയങ്ങൾക്കുള്ള മൊത്തം ഡിമാൻഡ് 22.22 ശതമാനം വർധിച്ച് 3.3 ടണ്ണിലെത്തി. മുൻവർഷത്തെ ഇതേ കാലയളവിലെ 2.7 ടണ്ണുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കുതിപ്പ്.
ഈ വർഷം മൂന്നാം പാദത്തിൽ കുവൈത്തിലെ ആഭരണങ്ങളുടെ ആവശ്യം പ്രതിവർഷം 37 ശതമാനം വർധിച്ച് 4 ടണ്ണായി. മുൻ വർഷം ഇതേ കാലയളവിലെ 2.9 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ, ആഭരണങ്ങളുടെ ആവശ്യം ത്രൈമാസ അടിസ്ഥാനത്തിൽ 5.26 ശതമാനമാണ് വർധിച്ചിട്ടുള്ളത്. 2022 രണ്ടാം പാദത്തിൽ ഇത് 3.8 ടൺ ആയിരുന്നു.
അതേസമയം, കുവൈത്തിലെ സ്വർണത്തിന്റെ ആവശ്യകത ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ 11.81 ശതമാനം വർധിച്ച് 14.2 ടണ്ണിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 12.7 ടൺ മാത്രമായിരുന്നു.