ബെംഗലൂരു: കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് തീവ്രഹിന്ദു സംഘടനാ പ്രവർത്തകരുടെ മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം ചർച്ചയാകുന്നു. രാമനഗര ജില്ലയിലെ സാത്തന്നൂരിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സാത്തന്നൂർ സ്വദേശിയായ ഇദ്രിസ് പാഷ എന്ന യുവാവാണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ഇയാളെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകൻ പുനീത് കാരെഹള്ളി എന്നയാൾക്കും കണ്ടാലറിയാവുന്ന മറ്റ് ആളുകൾക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. കർണാടകയിൽ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പശുക്കടത്ത് ആരോപിച്ച് കൊലപാതകം. പാഷയുടെ ബന്ധുക്കൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് പൊലീസ് നടപടിയെടുത്തതെന്നും ആരോപണമുണ്ട്.
മാർച്ച് 31 ന് രാത്രി പശുക്കളെ വണ്ടിയിൽ കൊണ്ടുപോവുകയായിരുന്നു ഇദ്രിസ് പാഷ. ഹൈവേയിൽ വെച്ച് പുനീത് കാരെഹള്ളിയും സംഘവും ഈ വാഹനം തടഞ്ഞു. പശുക്കളെ അറുക്കാൻ കൊണ്ടുപോവുകയാണെന്ന് ഇവർ ആരോപിച്ചു. എന്തിനാണ് പശുക്കളെ കൊണ്ടുപോകുന്നതെന്ന്
സംഘം ചോദിച്ചു. പശുക്കളെ കൊണ്ടുപോകാൻ എല്ലാവിധ അനുമതിയും ഉണ്ടെന്നും വാഹനം തടയരുതെന്നും ഇദ്രിസ് പാഷ ഇവരോട് അപേക്ഷിച്ചു. എന്നാൽ ലോറി തടഞ്ഞ് ഡോർ തുറന്ന സംഘം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ദൃശ്യങ്ങൾ പ്രചരിച്ച തൊട്ടടുത്ത ദിവസമാണ് ഇദ്രിസ് പാഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഘം വാഹനം തടഞ്ഞ ഒരുകിലോമീറ്റർ അപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. വിഡിയോ ചിത്രീകരിച്ച ശേഷം സംഘം ഇദ്രിസ് പാഷയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. പാകിസ്ഥാനിലേക്ക് പോ എന്ന് ഇദ്രിസ് പാഷയോട് സംഘം ആക്രോശിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ഇദ്രിസ് പാഷയെ ക്രൂരമായി മർദിച്ച് റോഡിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇദ്രിസ് പാഷയുടെ മൃതദേഹവുമായി ബന്ധുക്കൾ സാത്തന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഇദ്രിസ് പാഷയെ വിട്ടുകിട്ടാൻ രണ്ട് ലക്ഷം രൂപ മോചന ദ്രവ്യമായി അക്രമി സംഘം ആവശ്യപ്പെട്ടെന്നും കുടുംബം ആരോപിച്ചു. രണ്ട് ലക്ഷം തന്നില്ലെങ്കില്‍ പാഷയെ കൊലപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയെന്നും കുടുംബം ആരോപിച്ചു. ഇതേ തുടർന്നാണ് പുനീത് കാരെഹള്ളിക്ക് എതിരെ പൊലീസ് കേസെടുത്തത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് ജാഗ്രത ശക്തമാക്കി. കന്നുകാലി വ്യാപാരിയായ ഇദ്രീസ് സാത്തനൂരിലെ പ്രാദേശിക ചന്തയിൽനിന്ന് കന്നുകാലികളെ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.