കാൻബെറ: ശരീരത്തിന് ആയാസം നൽകുന്ന വ്യായാമമുറകളാണ് പുൾഅപ്പുകൾ. അമ്പതോ ഏറെക്കൂടിയാൽ നൂറൊക്കെ വരെ പുൾഅപ്പുകൾ ചെയ്യാറുണ്ട് പലരും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി 8008 പുൾഅപ്പുകൾ ചെയ്ത് ഗിന്നസ് റെക്കോർഡിൽ കയറിയിരിക്കുകയാണ് യുവാവ്. 24 മണിക്കൂറിനിടെ 8008 പുൾഅപ്പുകൾ ചെയ്ത ഈ യുവാവ് ഇത്രയും വലിയ സാഹസികത ചെയ്തത് ഇതുമൂലം ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചിലവാക്കാൻ വേണ്ടിയാണ്.
ആസ്ട്രേലിയക്കാരനായ ജാക്സൻ ഇറ്റാലിയാനോ ആണ് അമ്പരപ്പിക്കുന്ന പുൾഅപ്പുകൾ ചെയ്തത്. നാലുലക്ഷത്തോളം വരുന്ന മറവി രോഗബാധിതർക്ക് ചികിത്സാ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജാക്സൻ പുൾഅപ്പുകൾ ചെയ്ത് ഗിന്നസിൽ കയറാൻ ശ്രമിച്ചത്. ഓരോ പുൾഅപ്പിനും ഒരോ ഡോളർ വീതം ഉണ്ടാക്കാനാണ് താൻ ലക്ഷ്യമിടുന്നത്. പക്ഷേ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. മറവിരോഗം ഇല്ലാതാക്കാനുള്ള എന്റെ ശ്രമങ്ങൾക്ക് നിങ്ങളുടെ സംഭാവനകൾ വേണം. രാജ്യത്തെ രോഗബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു സഹായമെന്ന രീതിയിൽ പണം സ്വരൂപിക്കാനാണ് ലക്ഷ്യം. വിദ്യാഭ്യാസം, പരിശീലനം, കൗൺസിലിങ് തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്നും ജാക്സൻ പറയുന്നു.
മസിലുകളെ ബാധിക്കുന്ന രോഗത്തിൽ നിന്നും ജാക്സൻ മുക്തനായെന്നും ഒരുപക്ഷേ അംഗവൈകല്യം വരെ സംഭവിക്കാനുള്ള രോഗമായിരുന്നു ഇതെന്നും ഗിന്നസ് വേൾഡ് റെക്കോർഡ് വെബ്സൈറ്റ് പറയുന്നു. 24 മണിക്കൂറും പുൾഅപ്പ് ചെയ്ത് വേൾഡ് റെക്കോർഡ് നേടാനാണ് താൻ ശ്രമിക്കുന്നത്. നിങ്ങൾക്ക് നല്ലത് ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. അതിനാൽ അത് നടക്കുമെന്ന് കരുതുന്നുവെന്നും ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരോട് ജാക്സൻ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിന് പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആശംസകൾ ചൊരിഞ്ഞ് നിരവധി പേരും രംഗത്തെത്തി.