സുല്‍ത്താൻ ബത്തേരി: അരമണിക്കൂറിലധികം നീണ്ട പ്രസംഗത്തില്‍ ഒരിക്കല്‍പോലും പൗരത്വ നിയമ നിയമത്തെ പരാമര്‍ശിക്കാതിരുന്ന കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖർഗയെ വേദി വിട്ടുറങ്ങവെ മടങ്ങി വന്ന് പ്രസംഗിച്ചത് സി എ എ റദ്ദാക്കുമെന്ന്. വേദി വിടുന്നതിന് തൊട്ടുമുമ്പ് ഇക്കാര്യം ഖർഗയെ നേതാക്കളിലാരെങ്കിലും ഓര്‍മ്മിപ്പിച്ചോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. പ്രസംഗം നിര്‍ത്തി വേദി വിട്ടിറങ്ങാന്‍ തുടങ്ങുന്നതിനിടെ ആക്ടിംഗ് കെ പി സി സി പ്രസിഡന്‍റ് എം എം ഹസ്സന്‍ മല്ലികാര്‍ജുന്‍ ഖർഗെയുടെ ചെവിയിലെന്തോ പറയുന്നത് കാണാമായിരുന്നു. ഇതിന് ശേഷമാണ് ഖർഗെ വീണ്ടും പ്രസംഗിച്ചത്. മൈക്കിന് മുന്നിലെത്തി പൗരത്വ നിയമത്തെക്കുറിച്ചായിരുന്നു ഖർഗെയുടെ സംസാരം. എല്ലാ അധികാരങ്ങളും തങ്ങളുടെ കയ്യില്‍ ആണെന്ന ധാരണയാണ് ബി ജെ പിക്ക്. എന്നാല്‍ കോണ്‍ഗ്രസിന്റെയടക്കം ഇന്ത്യ മുന്നണിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുക്കപ്പെടും. നമ്മള്‍ അധികാരത്തില്‍ വന്ന് പൗരത്വ നിയമം റദ്ദാക്കും. ഇത്രയും പറഞ്ഞ് ഖർഗെ വേദി വിട്ടിറങ്ങുമ്പോള്‍ സദസ്സ് ഒന്നടങ്കം കയ്യടിച്ചു.
പലതവണ മോദിയെയും അമിത്ഷാായെയും കടന്നാക്രമിച്ച കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് പക്ഷേ സംസ്ഥാന സര്‍ക്കാരിനെയോ ഇടതുപക്ഷ നേതാക്കളെയോ വാക്കുകള്‍ കൊണ്ടുപോലും വിമര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമാണ്. പിണറായി വിജയനെ കടന്നാക്രമിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ കൈവിട്ട പ്രസംഗം ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആയുധമാക്കുന്നതിനിടക്ക് ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന പ്രധാന കക്ഷിയായ ഇടതുപക്ഷത്തെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ഗാര്‍ഖെ ശ്രദ്ധിച്ചു. ഇക്കാര്യം അംഗീകരിക്കുന്ന തരത്തില്‍ തന്നെയായിരുന്നു മറ്റു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആവേശവും. അതേസമയം തുടര്‍ന്ന് സംസാരിച്ച മുസ്ലീംലീഗ് നേതാവും മുൻ എം എല്‍ എയുമായ കെ എം ഷാജി പ്രസംഗം തുടങ്ങിയത് തന്നെ സംസ്ഥാന സര്‍ക്കാരിനെയും സി പി എമ്മിനെയും വിമര്‍ശിച്ചായിരുന്നു. ആർ എസ് എസിനും ബി ജെ പിക്കുമെതിരെയും എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രനുമെതിരെയും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.