ദില്ലി : പൊളിക്കൽ നടപടികളുണ്ടായ ദില്ലി ജഹാംഗീർപൂരിയിൽ ജാഗ്രത തുടരുന്നു. വിലക്കിനിടെ കൂടുതൽ രാഷ്ട്രീയപാർട്ടികൾ സ്ഥലത്തേക്കെത്തും എന്നാണ് വിവരം. അതിനിടെ ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടികളുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പ്രതികരണവുമായി ദില്ലി ബിജെപി അധ്യക്ഷൻ ആദ്ദേശ് ഗുപ്ത രംഗത്തെത്തി. കൈയ്യേറ്റക്കാർക്കെതിരെ നടപടി എടുക്കുമ്പോൾ പ്രതിപക്ഷം വിറളിപിടിക്കുന്നത് എന്തിനെന്ന് ആദ്ദേശ് ഗുപ്ത ചോദിച്ചു.
ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടിയെ ന്യായീകരിച്ച് ബിജെപി ദില്ലി അധ്യക്ഷൻ. അനധികൃത കൈയ്യേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് താൻ കോർപ്പറേഷൻ കത്ത് നൽകിയിരുന്നു. കലാപകാരികളെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്നും കോടതിയുടെ അന്തിമവിധി അനൂകൂലമാകുമെന്നും ആദ്ദേശ് ഗുപ്ത പ്രതികരിച്ചു. സംഘർഷത്തിന് പിന്നാലെ ജഹാംഗീർപൂരി സന്ദർശിച്ചിരുന്നു. വലിയ കൈയ്യേറ്റമാണ് അവിടെ കണ്ടത്. കൈയ്യേറ്റം നടത്തിയവരാണ് അവിടെ സംഘർഷമുണ്ടാക്കിയതെന്ന് ആദ്ദേശ് ഗുപ്ത ആരോപിച്ചു. കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നത് ആംഅദ്മി പാർട്ടിയാണ്. കൈയ്യേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോർപ്പറേഷൻ കത്ത് നൽകി, പിന്നാലെ അവർ നടപടി സ്വീകരിച്ചുവെന്നും ആദ്ദേശ് ഗുപ്ത പറഞ്ഞു.
ദില്ലിക്ക് അകത്ത് ബംഗ്ലാദേശികളും റോഹിക്യകളുമുണ്ട്, അവർ ഇന്ത്യക്ക് പുറത്താക്കുന്നതിനെ കോൺഗ്രസും എഎപിയും എതിർക്കുന്നത് എന്തിനാണെന്ന് ആദ്ദേശ് ഗുപ്ത ചോദിച്ചു. കോൺഗ്രസും എഎപിയും ഇവരെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ്. വൃന്ദ കാരാട്ടും, എഎപിയും കപിൽ സിബലും കലാപകാരികളെ സംരക്ഷിക്കുന്നതിൽ ഒന്നാണ്. കൈയ്യേറ്റം ഒഴിപ്പിക്കുന്നത് സ്ഥിരമായി നടക്കുന്നതാണ്, കോർപ്പറേഷൻ ഇത് ചെയ്യുന്നതാണ്. നിയമപരമായി നടപടി സ്വീകരിച്ചാണ് കൈയ്യേറ്റം ഒഴിപ്പിക്കുന്നത്. നിലവിൽ ജഹാംഗീർപുരി ഒഴികെ കോടതി എങ്ങും തടഞ്ഞിട്ടില്ല. അന്തിമവിധി കോർപ്പറേഷൻ അനൂകൂലമാകുമെന്ന് വിശ്വാസമുണ്ടെന്നും ആദ്ദേശ് ഗുപ്ത പറഞ്ഞു. ഈ വർഷം തന്നെ ജഹാംഗീർപുരിയിൽ ഇത് ഏഴാം തവണയാണ് കൈയ്യേറ്റം ഒഴിപ്പിക്കൽ നടക്കുന്നത്. സ്ഥിരമായി കോർപ്പറേഷൻ ചെയ്യുന്നതാണ്. ഇപ്പോൾ ഇതിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നത് കലാപകാരികളെ സംരക്ഷിക്കാനാണെന്നും ആദ്ദേശ് ഗുപ്ത വിമര്‍ശിച്ചു.
അതേസമയം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വീടും കടകളും പൊളിച്ച ദില്ലിയിലെ ജഹാംഗീര്‍പുരിയില്‍ സിപിഐ പ്രതിനിധി സംഘം ഇന്ന് സന്ദര്‍ശനം നടത്തും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിക്കുക. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വസ്തുതാന്വേഷണ സംഘവും ഇന്ന് ജഹാംഗീര്‍പുരിയല്‍ എത്തും. ഇന്നലെ കോണ്‍ഗ്രസ് സംഘം സന്ദർശനത്തിന് ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞിരുന്നു. സ്ഥലത്ത് ദില്ലി പോലീസിന്‍റെുയം അര്‍ധ സൈനിക വിഭാഗത്തിന്‍റെയും വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കന്നത്.