ദില്ലി: രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ടുകള്‍ വിനിമയത്തില്‍ നിന്നും പിന്‍വലിക്കാനുള്ള തീരുമാനത്തെ ‘ബില്യണ്‍ ഡോളര്‍ ചതി’ എന്നാണ് മമത വിശേഷിപ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം പുറത്തുവന്നതിനു തൊട്ടുപിന്നാലെയായിരുന്നു മമതയുടെ പ്രതികരണം.
2016ലെ നോട്ടു നിരോധനത്തെത്തുടര്‍ന്ന് ജനങ്ങള്‍ നേരിടേണ്ടിവന്ന കഷ്ടതകള്‍ മറക്കാനാകില്ലെന്നും മമത പറഞ്ഞു. ‘അപ്പോള്‍, അത് രണ്ടായിരത്തിന്റെ ധമാക്കയായിരുന്നില്ല എന്നര്‍ത്ഥം. ഒരു ബില്യണ്‍ ഇന്ത്യക്കാരോടുള്ള ബില്യണ്‍ ഡോളര്‍ ചതിയായിരുന്നു അത്. എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, ഇനിയെങ്കിലും ഉണരൂ. നോട്ടുനിരോധനം കാരണം നമ്മളനുഭവിച്ച കഷ്ടപ്പാടുകള്‍ അത്ര എളുപ്പത്തില്‍ മറന്നു കളയാനാവില്ല. ആ കഷ്ടപ്പാടുകള്‍ക്ക് കാരണക്കാരായവര്‍ക്ക് മാപ്പും നല്‍കരുത്.’ മമത ട്വിറ്ററില്‍ കുറിച്ചു.