തിരുവനന്തപുരം: മഴക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇന്നലെ 79 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആണ്. എറണാകുളത്ത് വ്യാപകമായി പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ്. 33 പേർക്കാണ് ജില്ലയിൽ മാത്രം ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആകെ അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളുടെ മരണവും സ്ഥിരീകരിച്ചു. 11,123 പേരാണ് ഇന്നലെ പനി ബാധിച്ചു ചികിത്സ തേടിയത്. 43 പേരിൽ ചിക്കൻപോക്സ്, 17 പേരിൽ മഞ്ഞപ്പിത്തം, 2 പേർക്ക് മലേറിയ എന്നിവ സ്ഥിരീകരിച്ചു. കുട്ടികളിൽ ബാധിക്കുന്ന മുണ്ടിനീര് ഒരാൾക്ക് സ്ഥിരീകരിച്ചു.