ശരീരത്തിന്‍റെയും മനസിന്‍റെയും വഴക്കത്തിനും ആത്മീയമായ അച്ചടക്കത്തിനും യോഗ സാധന ചെയ്യുന്നതിലൂടെ സാധിക്കുന്നു. ഇന്ന് ലോകത്തിലെ പ്രധാനപ്പെട്ട ഏതാണ്ടെല്ലാ നഗരങ്ങളിലും യോഗാ പഠിപ്പിക്കുന്നതിനും അഭ്യസിക്കുന്നതിനുമുള്ള അവസരങ്ങളുണ്ട്. ഇന്ത്യയില്‍ നിന്നും യോഗ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പറിച്ച് നടപ്പെട്ടപ്പോള്‍ തദ്ദേശീയമായ കൂട്ടിച്ചേര്‍ക്കലുകള്‍ അതിനോടൊപ്പം ഉണ്ടാവുകയെന്നതും സ്വാഭാവികമാണ്. അങ്ങനെയാണ് അഷ്ടാംഗ യോഗയില്‍ നിന്ന് ഹോട്ട് യോഗയും യിന്‍ യാഗയും പുതിയ പേരുകളില്‍ പുതിയ ഭാവങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നത്. ഈ പുനഃസൃഷ്ടിയുടെ ഏറ്റവും ഒടുവിലത്തെ കണ്ടെത്തലാണ് ‘ബിയര്‍ യോഗ’.
സംഗതി അതുതന്നെ, യോഗ ചെയ്തു കൊണ്ട് ബിയര്‍ കുടിക്കുക. അഥവാ ബിയര്‍ കുടിച്ച് കൊണ്ട് യോഗ ചെയ്യുക. ഇത്തരത്തില്‍ ബിയര്‍ ബോട്ടിലുകളുമായി ആളുകള്‍ യോഗ ചെയ്യുന്ന വീഡിയോഎഫ്പി പങ്കുവച്ചു. ഡെന്‍മാര്‍ക്കിലെ യോഗ പരിശീലകയായ ആനി ലണ്ട് പറയുന്നത്, “ആളുകൾക്ക് സുഖം തോന്നാനും ചിരിക്കാനും നല്ല അനുഭവം ലഭിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഇത് തികച്ചും അടിസ്ഥാന യോഗയിലെ വ്യായാമ മുറകളാണ്. വ്യായാമ വേളയിൽ ഞങ്ങൾ ചിലപ്പോൾ കുടിക്കും, ചിലപ്പോൾ അതിനിടയിൽ. ഇത് അൽപ്പം രസകരവും അൽപ്പം വ്യത്യസ്തവുമാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ആളുകൾക്ക് ഒരു പുഞ്ചിരിയോടെ അതിലൂടെ കടന്ന് പോകാം, അവർ മുമ്പ് ചെയ്യാത്ത എന്തെങ്കിലും അവരുടെ ശരീരത്തിൽ അപ്പോള്‍ അനുഭവിച്ചേക്കാം. ”
https://twitter.com/AFP/status/1664582630858186753?s=20
‘കോപ്പൻഹേഗൻ തുറമുഖത്ത് യോഗ ചെയ്യാൻ 100-ഓളം ആളുകൾ ഒത്തുകൂടി. അവരുടെ കൈയിൽ ശാന്തവും തണുത്തതും ഉന്മേഷദായകവുമായ ബിയർ ക്യാനുകൾ. മദ്യം ഉപയോഗിച്ചുള്ള യോഗാ ക്ലാസ് നാല് വർഷമായി തുടങ്ങിയിട്ട്. മാത്രമല്ല അതിന്‍റെ പരിശീലകർക്കിടയിൽ ഇത് ജനപ്രിയവുമാണ്. വീഡിയോ പങ്കുവച്ച് കൊണ്ട് എഎഫ്പി എഴുതി. “എന്‍റെ ചില സുഹൃത്തുക്കൾ ഈ വിചിത്രമായ സംഭവത്തെക്കുറിച്ച് എന്നോട് പറഞ്ഞു. അത് സൗജന്യമായിരുന്നു, ബിയറും ഉണ്ടായിരുന്നു, പിന്നെ എന്തുകൊണ്ട്? ഞാനും അത് ചെയ്തു. ഇവിടെ വെയിലത്ത് ഇരുന്നു ബിയർ കുടിക്കുകയും ഒപ്പം അൽപ്പം വ്യായാമം ചെയ്യുന്നതും അതിശയകരമായിരുന്നു, ഇതിലും മികച്ചതായിരിക്കില്ല.’ വെയ്‍ലത്ത് ബിയര്‍ കുടിച്ച് യോഗ ചെയ്ത ജേക്കബ് കൂട്ടിച്ചേര്‍ത്തു. ഇതിന് മുമ്പ് 2013 ല്‍ അമേരിക്കയില്‍ ഈ ആശയം ആദ്യമായി പ്രാവര്‍ത്തികമാക്കപ്പെട്ടത്. അന്ന് ആളുകള്‍ യോഗ ചെയ്തു കൊണ്ട് ബിയര്‍ കുടിക്കുന്ന വാര്‍ത്തകള്‍ വന്നതിന് പുറമെ യോഗയെ ആവഹേളിച്ചെന്ന് പറഞ്ഞ് വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍, ഭക്ഷണമോ വെള്ളമോ കഴിക്കുകയോ കുടിക്കുകയോ ചെയ്തതിന് പിന്നാലെ യോഗ ചെയ്യരുതെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. കഴിയുന്നതും ഒഴിഞ്ഞ വയറുമായി വേണം യോഗ ചെയ്യാന്‍. അതല്ലെങ്കില്‍ ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂറോ, വെള്ളം കുടിച്ച് അരമണിക്കൂറോ കഴിഞ്ഞ ശേഷം മാത്രമേ യോഗ ചെയ്യാന്‍ പാടൊള്ളൂവെന്നും ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.