തിരുവനന്തപുരം∙ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഓരോ കുട്ടിക്കുമുള്ള വിഹിതം വർധിപ്പിക്കണമെന്ന് വീണ്ടും പൊതുവിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിനോടു ശുപാർശ ചെയ്തു. 150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരു കുട്ടിക്ക് 8 രൂപയും അതിൽ കൂടുതലുള്ളയിടങ്ങളിൽ 6 രൂപയുമാണ് നിലവിൽ നൽകുന്നത്. ഇതിൽ 4 രൂപയുടെ വർധന വേണമെന്നാണ് ശുപാർശ. കഴിഞ്ഞ വർഷങ്ങളിലും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഇത്തവണയും നിർദേശം അംഗീകരിക്കുമോ എന്നത് കണ്ടറിയണം. സ്കൂൾ വിദ്യാർഥികൾക്കുളള എൽഎസ്എസ്–യുഎസ്എസ് സ്കോളർഷിപ്പിന്റെ നാലു വർഷത്തെ കുടിശിക തുക പോലും ഇതുവരെ കൊടുത്തു തീർത്തിട്ടില്ല.
ഉച്ചഭക്ഷണ ഫണ്ടിൽ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവുമാണ്. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും ഉൾപ്പെടെ ഈ തുക കൊണ്ടു നൽകണം. ഇതു തന്നെ സമയത്തു ലഭിക്കാത്തതിനാൽ സ്കൂളുകളെല്ലാം കടം പറഞ്ഞും സാധനങ്ങൾ സ്വന്തമായി ശേഖരിച്ചുമാണ് പദ്ധതി മുന്നോട്ടുകൊണ്ടു പോകുന്നത്. നിലവിലുള്ള തുക പോലും സമയത്ത് ലഭിക്കുന്നില്ലെന്നതാണു സ്ഥിതി.