കോട്ടയം: പാലാ ഡിവൈഎസ്പി ഷാജു ജോസിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി നിർദ്ദേശത്തെ തുടർന്നാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. പെൺകുട്ടികളുടെ നഗ്നചിത്രമെടുത്ത കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നതാണ് കുറ്റം.
സ്കൂളിൽ അതിക്രമിച്ചു കയറി നഗ്നചിത്രമെടുത്ത സംഭവത്തിലാണ് ഡിവൈഎസ്പി കുറ്റക്കാരനായത്. പ്രതി ചിത്രമെടുക്കാൻ ഉപയോഗിച്ച ഫോൺ ഫോറൻസിക് പരിശോധന കൂടാതെ പ്രതിക്ക് വിട്ടുനൽകിയതാണ് പരാതിക്ക് കാരണം.
പോലീസുദ്യോഗസ്ഥന്റെ നടപടിയെ തുടർന്ന് പ്രതിക്കെതിരെ പോക്സോ വകുപ്പ് പോലും ചുമത്താനായില്ല. ഷാജു ജോസ് മണിമലയിൽ സിഐയായിരുന്ന കാലത്ത് 2019 നവംബർ അഞ്ചിനായിരുന്നു സംഭവം. ഇദ്ദേഹത്തിന്റേത് നിരുത്തരവാദപരവും അംഗീകരിക്കാൻ കഴിയാത്തതുമായ നടപടിയെന്ന് വകുപ്പ് തല അന്വേഷണത്തിനുള്ള ഉത്തരവിൽ കുറ്റപ്പെടുത്തുന്നു.