തിരുവനന്തപുരം∙ പണം കിട്ടാത്തതുകൊണ്ട് വകുപ്പുകളുടെ പ്രവർത്തനം നടക്കുന്നില്ലെന്ന് മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ പരാതി ഉന്നയിച്ചു. ധനവകുപ്പിൽനിന്നും പണം അനുവദിക്കാത്തതിനാല്‍ പല പദ്ധതികളും നടത്താനാകുന്നില്ലെന്ന് മന്ത്രിമാർ പറഞ്ഞു. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് വകുപ്പുകളിലേക്കെത്തുന്നത്. പദ്ധതികൾ പൂർത്തിയാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.സാമ്പത്തിക ഞെരുക്കമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. പ്രതിസന്ധിയുള്ളതിനാൽ കരുതലോടെ ചെലവഴിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ ആവർത്തിച്ചു. കേന്ദ്രനയം അടക്കമുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു.
ഈ മാസം സർക്കാരിന് ചെലവ് 19,500 കോടി രൂപയാണ്. ശമ്പളവും പെൻഷനും നൽകാൻ 6000 കോടി രൂപ വേണം. പലിശ തിരിച്ചടവിന് 10,000 കോടി. ക്ഷേമപെൻഷൻ, ബോണസ്, അഡ്വാൻസ് എന്നിവയ്ക്കായി 3500 കോടി രൂപ വേണം. കൈത്തറി, കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്ക് കുറഞ്ഞ കൂലി ഉറപ്പാക്കാൻ 100 കോടി രൂപ വേണം.
ചെലവുകൾ വർധിച്ചതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. നിത്യ ചെലവിനുള്ള ബില്ലുകളുടെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി കുറച്ചു. ഇതിൽ കൂടുതൽ തുക നൽകണമെങ്കിൽ ധനവകുപ്പിന്റെ അനുമതി വേണം. 2000 കോടി രൂപ കൂടി ഈ മാസം കടമെടുക്കാൻ ആലോചിക്കുന്നുണ്ട്.