കുവൈത്ത് സിറ്റി : അനധികൃത താമസക്കാരായ പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തുന്നതിനായി 21 ലക്ഷം ദിനാർ (52 കോടിയിലധികം ഇന്ത്യൻ രൂപ) ചെലവായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2019 ജനുവരി ഒന്ന് മുതൽ 2021 ജൂലൈ 11 വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. നാടുകടത്തിയ പ്രവാസികളുടെ ടിക്കറ്റ് ചാർജ് ഇനത്തിലാണ് ഇത്രയധികം പണം രാജ്യത്തിന്റെ ഖജനാവിൽ നിന്ന് ചെലവായതെന്ന് കുവൈത്ത് പാർലമെന്റ് അംഗം മുഹൽഹൽ അൽ മുദ്ഹഫിന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രാലയം നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2019 ജനുവരി ഒന്ന് മുതൽ 2021 ജൂലൈ 11 വരെയുള്ള കാലയളവിൽ ആകെ 42,529 പ്രവാസികളെയാണ് കുവൈത്തിൽ നിന്ന് നാടുകടത്തിയതെന്നും കഴിഞ്ഞ ദിവസം അൽ ജരീദ ദിനപ്പത്രം പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു.
അതേസമയം നാടുകടത്തപ്പെട്ട പ്രവാസികളുടെ സ്പോൺസര്‍മാര്‍ ഈ തുക വഹിക്കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പണം പൂര്‍ണമായി ലഭിക്കുന്നതു വരെ അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് താമസ, തൊഴിൽ നിയമ ലംഘകരെ കണ്ടെത്താനുള്ള ശക്തമായ പരിശോധനകൾ ഇപ്പോഴും തുടരുകയാണ്.